ചരിത്ര വിധി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു; കോടതി ചൂണ്ടിക്കാട്ടിയ അഞ്ച് പ്രധാന നിർദേശങ്ങൾ
ഇന്ത്യയില്‍ രാജ്യ ദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു . സെക്ഷന്‍ 124 എ പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിര്‍ത്തിവയ്ക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
എന്തെങ്കിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്താല്‍, ഉചിതമായ ആശ്വാസത്തിനായി കോടതികളെ സമീപിക്കാന്‍ കക്ഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച ഈ ഉത്തരവ് കണക്കിലെടുത്ത് ആവശ്യപ്പെട്ട നടപടികള്‍ പരിശോധിക്കാന്‍ കോടതികളോട് അഭ്യര്‍ത്ഥിക്കുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രധാനമായി കണക്കാക്കാവുന്ന വിധി.
രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വകുപ്പിന്റെ ഭരണഘടനാസാധുത കോടതി പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു. എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാകുമെന്ന് കോടതിയുടെ ചോദ്യത്തിന് കേന്ദ്രം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പ് മരവിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്.
124എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ ഒന്നര നൂറ്റാണ്ടിലേറെയായി തുടർന്നുവന്ന നിയമത്തിന്‍റെ കാര്യത്തിലാണ് പുനർവിചിന്തനമുണ്ടാകാൻ പോകുന്നത്. രാജ്യദ്രോഹ നിയമമെന്ന് പൊതുവേ അറിയപ്പെടുന്ന ഈ വകുപ്പ് 1870ൽ ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ്. കേന്ദ്ര സർക്കാർ നിയമത്തിന്‍റെ പുന:പരിശോധന പൂർത്തിയാക്കുന്നത് വരെ 124എ വകുപ്പ് മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റ് ആവിഷ്‌കാരങ്ങൾ എന്നിവയാണ് 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹമാകുന്നത്. മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. വിഷയത്തില്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് സംസ്ഥാനങ്ങളെയും പൊലീസിനെയും വിലക്കണം. കേസുകളില്‍ പ്രതികളായവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
124 എ ഐപിസി പ്രകാരം നിര്‍ബന്ധിത നടപടികള്‍ കൈക്കൊള്ളുന്നതില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും അന്വേഷണം തുടരുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. വകുപ്പുമായി ബന്ധപ്പെട്ട പുനഃപരിശോധന കഴിയുന്നതുവരെ നിയമത്തിലെ ഈ വ്യവസ്ഥ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ അഞ്ച് പ്രധാന നിർദേശങ്ങൾ
- 124 എ വകുപ്പ് കാലാനുസൃതമല്ലെന്നും രാജ്യം കോളനിവാഴ്ചക്ക് കീഴിലായിരുന്ന കാലഘട്ടത്തിന് വേണ്ടിയുള്ളതായിരുന്നെന്നും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ, കേന്ദ്ര സർക്കാറിന് നിയമത്തിന്‍റെ കാര്യത്തിൽ പുന:പരിശോധന നടത്താം.
- പുന:പരിശോധന പൂർത്തിയാകുന്നത് വരെ 124 എ വകുപ്പ് മരവിപ്പിക്കുന്നു.
- 124എ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ കേസുകളിൽ അന്വേഷണം തുടരുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യരുത്.
- നിലവിൽ വകുപ്പ് ചുമത്തി ജയിലിലുള്ളവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാം.
- 124എ വകുപ്പിന്‍റെ ദുരുപയോഗം തടയുന്നതിന് കേന്ദ്ര സർക്കാറിന് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക