വിമാനം പറത്താൻ മദ്യപിച്ചെത്തി; 9 പൈലറ്റുമാർക്കും 32 ക്യാബിൻ ക്രൂവിനും ഡി.ജി.സി.എയുടെ വിലക്ക്

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധനയിൽ പരാജയപ്പെട്ടവരുടെ വിവരങ്ങൾ ഡി.ജി.സി.എ പുറത്ത് വിട്ടു. 2022 ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ 9 പൈലറ്റുമാരും 32 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് പരിശോധനയിൽ ‘പോസിറ്റീവ്’ ആയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.

രണ്ടു തവണ പരിശോധനയിൽ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിൻ ക്രൂ അംഗങ്ങളെയും മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ബെർത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിൻ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെൻ‌ഡ് ചെയ്തു.

കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുൻപ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനക്ക് വിധേയമായിരുന്നു. മഹാമാരിയെത്തുടർന്നു നിർത്തിവച്ച പരിശോധന ഘട്ടംഘട്ടമായി വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!