സ്പോൺസറേയും ഭാര്യയേയും കൊന്നശേഷം മുങ്ങിയ ഇന്ത്യക്കാരനെ 10 വർഷത്തിന് ശേഷം ഇന്ത്യയിൽ അറസ്റ്റ് ചെയ്തു
കുവൈത്തിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് സ്പോൺസറേയു ഭാര്യയേയും കൊന്ന കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ ഇന്ത്യൻ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. സ്പോൺസറായ കുവൈത്ത് പൗരൻ ഫഹദ് ബിൻ നാസർ ഇബ്രാഹിം, അദ്ധേഹത്തിൻ്റെ ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിൽ ലക്നൗ സ്വദേശി സന്തോഷ് കുമാർ റാണയെയാണ് 10 വർഷത്തിനുശേഷം സിബിഐ സംഘം അറസ്റ്റ് ചെയ്തത്. കുവൈത്തിൽ സ്പോണ്സറുടെ വീട്ടിൽ ജോലി ചെ്യതുവരുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2012ൽ ഫർവാനിയ ഗവർണേറ്റിലെ ആന്ദലൂസിലായിരുന്നു സംഭവം നടന്നത്. കേസിൽ കുവൈത്ത് ക്രിമിനൽ കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ 2012 ഫെബ്രുവരി 29ന് വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിൽ 2004ൽ ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യമന്ത്രാലയം 2016ൽ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കേസ് റജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു. ഇതേസമയം സ്പോണ്സർ പാസ്പോർട്ട് തടഞ്ഞുവയ്ക്കുകയും മതവിശ്വാസത്തിനു വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ചതുമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സംഭവത്തിനുശേഷം സ്പോൺസറുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാസ്പോർട്ട് കൈക്കലാക്കി പ്രതി ഇന്ത്യയിലേക്കു കടന്നു. ഇരുരാജ്യത്തെയും വിചാരണ പൂർത്തിയാക്കിയ ശേഷമായിരിക്കും കുറ്റവാളിയുടെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T