കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ നിർത്തിവെച്ചു.
സൌദിയിൽ കുടുംബ സന്ദർശന വിസയിൽ കഴിയുന്നവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുമ്പോൾ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ സംവിധാനം നിറുത്തി. നടപടി താൽക്കാലികമാണെന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ബഹ്റൈനിൻ്റെ ഭാഗത്ത് നിന്നോ സൌദിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. അതേ സമയം ഇന്നലെ മുതൽ തന്നെ ഇന്ന് മുതൽ ബഹറൈനിലേക്കുള്ള ഓൺ അറൈവൽ വിസ സംവിധാനം നിറുത്തിവെക്കുമെന്ന വാർത്ത ട്രാവൽ ഏജൻസികളിലൂടെ പ്രചരിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓൺ അറൈവൽ വിസ ലഭിക്കുന്നില്ലെന്ന് നിരവധി അനുഭവസ്ഥർ പങ്കുവെച്ചു.
സൌദിയിൽ കുടുംബ സന്ദർശന വിസയിലുള്ളവർ വിസകാലാവധി പുതുക്കുന്നതിനായി ബഹറൈനിലേക്ക് പോയി മടങ്ങിവരുന്ന രീതിയായിരുന്നു ഇത് വരെ സ്വീകരിച്ചിരുന്നത്. ഇത്തരക്കാർ കിംഗ് ഫഹദ് കോസ് വേ വഴി ബഹറൈനിലേക്ക് പോകുമ്പോൾ ഇനി മുതൽ ബഹറൈൻ വിസ നേരത്തെ തന്നെ എടുത്തുവെക്കേണ്ടിവരും. നേരത്തെ സൌദി ഇഖാമയുള്ളവർക്ക് മാത്രമായിരുന്നു ബഹറൈനിലേക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നത്. അടുത്തിടെയാണ് കുടുംബ സന്ദർശന വിസയിലുള്ളവർക്കും ഈ സേവനം നൽകിവന്നിരുന്നത്. ഇത് നിറുത്തിവെച്ചതോടെ സന്ദർശന വിസയിലുള്ളവർ മുൻകൂട്ടി ബഹറൈൻ വിസ സമ്പാദിച്ച ശേഷം മാത്രമേ ബഹറൈനിലേക്ക് പ്രവേശനം അനുവദിക്കൂ.
സൌദിയിൽ നേരത്തെ മൂന്ന് മാസം പൂർത്തിയാക്കിയ കുടുംബ സന്ദർശന വിസക്കാർ അബ്ഷിർ വഴിയായിരുന്നു വിസാ കാലാവധി ദീർഘിപ്പിച്ചിരുന്നത്. ഈ രീതി അടുത്തിടെ നിറുത്തിവെക്കുകയും, രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വരണമെന്ന് ജവാസാത്ത് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിസാ കാലാവധി പുതുക്കുവാനായി ബഹറൈനിലേക്ക് ഓണ് അറൈവൽ വിസയിൽ പോകുന്ന രീതിയായിരുന്നു എല്ലാവരും സ്വീകരിച്ചിരുന്നത്. ഈ രീതിയാണ് ഇപ്പോൾ നിറുത്തലാക്കിയത്.
പുതിയ മാറ്റമനുസരിച്ച് ഓൺ അറൈവൽ വിസ ലഭ്യമല്ലെങ്കിലും, സൌദിയിലുള്ള കുടുംബ സന്ദർശന വിസക്കാർ വിസാ കാലാവധി ദീർഘിപ്പിക്കുവാൻ ബഹറൈൻ വിസ നേടിയ ശേഷം കോസ് വേ വഴി ബഹറൈനിൽ പോയി തിരിച്ച് സൌദിയിലേക്ക് പ്രവേശിച്ചാൽ മതിയാകുന്നതാണ്.
സൌദിയിലെ കുടുംബ സന്ദർശന വിസക്കാർക്ക് വീണ്ടും ബഹറൈനിലേക്ക് പ്രവേശിക്കാൻ ഓൺ അറൈവൽ വിസ സംവിധാനം പുനസ്ഥാപിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T