കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: മുന്‍ അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ ഇ.ഡി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. ഒരുമാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടിക്കെതിരേ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എന്നാല്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയത്.
എം.എല്‍.എ ആയിരുന്ന സമയത്ത് പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടികൾ സ്വീകരിച്ചത്. അഴിമതിയിലൂടെ സമ്പാദിക്കുന്നതു കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇ.ഡി നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 12 ന് സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു.
ഭാര്യയുടെ പേരില്‍ കോഴിക്കോട് വീടും സ്ഥലവും വാങ്ങാന്‍ ഈ പണം ഉപയോഗിച്ചതായി ഇ.ഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ല്‍ ഉള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നുമായിരുന്നു ഷാജി നല്‍കിയ ഹരജിയില്‍ പറയുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T