വിദ്വേഷ പ്രസംഗം; പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നാളെ അപ്പീൽ നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നാളെ അപ്പീൽ ഫയൽ ചെയ്യും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ പി.സി ജോർജിനെതിരെ  കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ പോലീസിന് നിർദ്ദേശം നൽകിയത്. വിവാദ പ്രസംഗത്തിൻ്റെ പേരിൽ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, വളരെ വേഗത്തിൽ കോടതിയിൽ നിന്ന് ജാമ്യം നേടാനായത് സർക്കാരിന് തിരിച്ചടിയായിരുന്നു.  എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.

അറസ്റ്റും ജാമ്യവും ഒത്തുകളിയുടെ ഭാഗമായാണെന്നുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണവും സർക്കാരിന് നാണക്കേടുണ്ടാക്കി. ജോർജിന് ജാമ്യം ലഭിക്കാനിടയാക്കിയ സാഹചര്യം ഇടത് പക്ഷത്തും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷൻ നാളെ അപ്പീൽ നൽകുന്നത്.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പരാമർശങ്ങൾ. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

ആരോപണത്തിൽ എം.എ യൂസുഫലിക്കെതിരെ നടത്തിയ പരാമർശങ്ങൾ സംഘ് പരിവാർ കേന്ദ്രങ്ങളിലും എതിർ ചലനങ്ങളുണ്ടാക്കി. യൂസുഫലിക്കെതിരെയുള്ള പരാമർശം തിരുത്തണമെന്ന് പല നേതാക്കളും പി.സി ജോർജിനോടാവശ്യപ്പെട്ടു. തുടർന്ന് യൂസുഫലിക്കെതിരെയുള്ള പരാമർശം പിൻവലിക്കുന്നതായി പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും, അതിന് ശേഷം എം.എ യൂസുഫലിയുടെ പരോക്ഷ വിമർശനംകൂടി വന്നതോടെ പി.സി ജോർജിന് കൂടുതൽ തിരിച്ചടിയായിട്ടുണ്ട്.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

 

Share
error: Content is protected !!