ഷവർമയിലെ ഭക്ഷ്യവിഷബാധ: മൂന്നു പേർ ഐസിയുവിൽ, ഒരു കുട്ടിയുടെ നില ഗുരുതരം. ഇറച്ചി കടകൾക്കെതിരെ നടപടി ശക്തമാക്കി

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് കുട്ടികളെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഭക്ഷ്യ വിഷബാധയേറ്റവരെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു.

ഭക്ഷ്യവിഷബാധ വിവരം പുറത്ത് വന്നതോടെ ചെറുവത്തൂർ ടൗണിലേക്കു പല ഭാഗങ്ങളിൽ നിന്ന് ആളുകൾ കുതിച്ചെത്തി. ബസ് സ്റ്റാൻ്റ് പരിസരത്തു പ്രവർത്തിക്കുന്ന കൂൾബാറിനു നേരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. തടിച്ചു കൂടിയ ജനകൂട്ടത്തിനിടയിൽ നിന്നു പെട്ടെന്ന് സ്ഥാപനത്തിനു നേരേ കല്ലേറുണ്ടായി. ഇതോടെ ടൗൺ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജനകൂട്ടത്തെ നീക്കം ചെയ്യാൻ ചെറിയ പൊലീസ് സംഘം പരമാവധി ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയർന്നു. സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു വീണു. അക്രമം ശക്തമാവുമെന്നുറപ്പായതോടെ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളെല്ലാം അടച്ചു.

 

 

സ്റ്റാൻഡിൽ ബസ് കാത്തു നിന്നവർ ആശങ്കാകുലരായി. ഇതിനിടയിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തടിച്ച് കൂടിയവർ പിരിഞ്ഞു പോകണമെന്ന പൊലീസ് രണ്ടു തവണ മൈക്കിലൂടെ ആവശ്യപ്പെട്ടതോടെ കുറച്ച് പേർ ഒഴിഞ്ഞു പോയി.  ഇന്നലെ ഉച്ചയ്ക്കു തടിച്ച് കൂടിയ ജനകൂട്ടം രാത്രിയായിട്ടും ടൗണിൽ പല ഭാഗങ്ങളിലുമായി തടിച്ച് കൂടി നിൽക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!