വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ നടപടി സ്വീകരിച്ചില്ല. കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. മാപ്പ് പറയണമെന്ന് സിപിഎം

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്ത് പരിപാടിക്കിടെ മുസ്‌ലിം സമുദായത്തിനെതിരെ രൂക്ഷമായി വിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

കച്ചവക്കാരായ മുസ്‌ലിംകൾ അമുസ്ലീംകൾക്ക് നൽകുന്ന ഭക്ഷണ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ വളരെ ഗൗരവമായ വ്യാജ ആരോപണങ്ങളാണ പി.സി. ജോർജ് പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു.

എം.എ യൂസുഫലി മലപ്പുറത്തും കോഴിക്കോട്ടും മാളുകൾ തുടങ്ങാത്തത് അവിടെയുള്ള മുസ്ലീംഗളുടെ പണം അദ്ദേഹത്തിന് ആവശ്യമില്ലാത്തതിനാലാണെന്നും, അമുസ്ലിംഗളുടെ പണം ഊറ്റിയെടുക്കുകയാണ് യൂസുഫലി ചെയ്യുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

പി.സി. ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധമാണ് നടന്ന് വരുന്നത്. പ്രതിപക്ഷ നോവ് വി.ഡി സതീശൻ, ഷാഫി പറമ്പിൽ എംൽഎ, കെ.മുരളീധരൻ തുടങ്ങി നിരവധി നേതാക്കൾ പി.സിക്കെതിരെ രംഗത്ത് വന്നു. പി.സി. ജോർജിനെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയാറാകണമെന്നും സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി.സി. ജോർജെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. മറ്റു നിരവധി സംഘടനകളും പിസി ജോർജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് ഗവർണർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോർജ് മുസ്‌ലിം സമുദായത്തിനെതിരെ രൂക്ഷമായി വിദ്വേഷ പ്രസംഗം നടത്തിയത്. പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഇത് വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  പൊലീസ് കേസുടുക്കാൻ വൈമനസ്യം കാണിച്ചാൽ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യുത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് വ്യക്തമാക്കി. ആർ.എസ്.എസിനോട് മൃദുസമീപനം സ്വീകരിക്കുന്ന നിലപാടാണ് സർക്കാർ കൈകൊള്ളാറുള്ളതെന്നും പി.കെ ഫിറോസ് കൂട്ടിച്ചേർത്തു.

എന്നാൽ പിസി ജോർജിനെതിരെ ഐ.പി.സി 153 എ പ്രകാരം നടപടി സ്വീകരിക്കണമെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയല്ലെന്ന് തെളിയിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീൻഷാ ആവശ്യപ്പെട്ടു.

വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് പി.സി ജോര്‍ജ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ആരെ സന്തോഷിപ്പിക്കാനാണ് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. കരുതലോടെ മുന്‍കൂട്ടി നടത്തിയ പ്രസംഗമാണിത്. അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

അതേ സമയം പി.സി ജോർജിൻ്റേത് വിദ്വേഷ പ്രസംഗമാണെന്നും മാപ്പ് പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണമാണ് പിസി നടത്തുന്നത്. മതസൌഹാർദം തകർക്കുന്ന വിദ്വോഷ പ്രസംഗമാണിത്. ജോർജിൻ്റെ സാധാരണ വിടുവായത്തമായി ഇതിനെ തള്ളികളയാനാകില്ല. അതിനാൽ പ്രസ്താവന പിൻവലിച്ച് പി.സി ജോർജ് മാപ്പ് പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു.

അതിനിടെ പി.സി ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ളി. മുസ്ലീം മതവിഭാഗത്തെകുറിച്ച് പി.സി ജോര്‍ജ്ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. നിരവധി പേർ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ച് ഇതേക്കുറിച്ച് ചോദിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിയാനി ചാര്‍ളി ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി.സി ജോര്‍ജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.’ വിയാനി ചാര്‍ളി ഫേസ്ബുക്കില്‍ കുറിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

പി.കെ.ഫിറോസിന്റെ പരാതിയിൽനിന്ന്:

വളരെ സൗഹാർദപൂർവം ജനങ്ങൾ അധിവസിക്കുന്ന നാടാണു കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങൾക്കിടയിൽ വർഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങൾ ഒരു തരത്തിലും അനുവദിച്ചുകൂടാ. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്തു നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 29ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പി.സി.ജോർജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും കാണാം.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്.

ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും ഇവർക്കുമിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണു കാരണമാകുക. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതു നമ്മുടെ നാട്ടിൽ ക്രമസമാധാനവും മതസൗഹാർദവും നിലനിർത്താൻ അനിവാര്യമാണ്. ആയതിനാൽ, ഐപിസി 153എ പ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.

Share
error: Content is protected !!