ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; കേരളത്തിലും മാസ്ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു.  മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ടെ​ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പു​തി​യ തീ​രു​മാ​നം.

അതേസമയം, എത്ര രൂപയാണ് പിഴയായി ഈടാക്കുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.

കേരളത്തിൽ ആശങ്കപ്പെടേണ്ട രീതിയിൽ കോവിഡ് വ്യാപനം നിലവിലില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ കൂടിയ സാഹചര്യത്തിൽ ജാഗ്രത തുടരുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മാസ്ക് ധരിക്കുന്നതു നിർബന്ധമാണെന്ന് ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ മാത്രം കേസുകളിൽ നേരിയ വർധനയുണ്ട്‌. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സ്ഥിതി അവലോകനം ചെയ്തുവരുന്നു. നിലവിൽ എവിടെയും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. പുതിയ വകഭേദം വൈറസുകൾ ഉണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കും. കുറച്ചുനാൾ കൂടി കോവിഡ് കേസുകൾ ഇങ്ങനെ തുടരുമെന്നാണു വിലയിരുത്തൽ. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും വാക്‌സിനേഷൻ തുടർന്നും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.

 

വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

സൗദിയിൽ നാലാം ഡോസ് വാക്‌സിൻ വിതരണം ആരംഭിച്ചു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആശങ്കയിൽ

Share
error: Content is protected !!