അനസ് എടത്തൊടികക്ക് സർക്കാർ ജോലി ഉടൻ; മന്ത്രി ഉറപ്പുനൽകിയെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ

കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് ക്കായിക മന്ത്രി വി. അബ്ദുറഹിമാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് കൊ​ണ്ടോട്ടി എം.എൽ.എ ടി.വി. ഇ​ബ്രാഹിം. അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നൽകുന്ന കാര്യം സർക്കാർ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എൽ.എ അറിയിച്ചു.

കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാർട്ട്മെന്‍റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ എല്ലാം ശരിയായി വന്നപ്പോൾ സീനിയർ ഫുട്ബാൾ താരങ്ങൾ പാരവെച്ചുവെന്നുമുള്ള അനസ് എടത്തൊടികയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാരവെച്ചവരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കിട്ടുകയാണെങ്കിൽ തീർച്ചയായും അവരുടെ പേര് വെളിപ്പെടുത്തുമെന്നും അനസ് വ്യക്തമാക്കിയിരുന്നു.

അഖിലേന്ത്യ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ കളിച്ചാൽ പോലും താരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനസ് എടത്തോടികയെ കണ്ടില്ലന്ന് നടിക്കുകയാണെന്ന് ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി. വിവിധ ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്ബാൾ താരത്തിനുള്ള പുരസ്കാരങ്ങൾ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക് സർക്കാർ ജോലി വൈകുന്നത് നിരാശാജനകവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടന്നിയതും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതും. നമ്മുടെ അഭിമാനമായ അനസിന് നീതി ലഭിക്കുന്നത് വരെ നമുക്ക് ഒന്നിച്ചു പോരാടാമെന്നും എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും 2010ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും ഐ ലീഗ്, ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രഫഷണൽ ഫുട്ബാൾ രംഗത്തും 14 വർഷമായി സജീവ സാന്നിധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക. പൊലീസ് ഡിപ്പാർട്ട്മെന്‍റ് ജോലിയാണ് തന്നെ തേടിയെത്തിയതെന്നും പേപ്പർ വർക്കുകൾ ഒരു വിധം ശരിയായി വന്നപ്പോൾ ചിലർ തന്‍റെ അവസരം നിഷേധിക്കുകയായിരുന്നെന്നും അനസ് വ്യക്തമാക്കിയിരുന്നു.

‘എല്ലാം തുറന്ന് പറയാൻ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ അറിഞ്ഞത് തന്നെയാണ് സത്യമെന്നുള്ള പൂർണ വിവരം കിട്ടിയാൽ അതെല്ലാം തീർച്ചയായും പുറത്തുവിടും. അത് പുറത്തുകൊണ്ടുവന്നാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. പക്ഷേ, അത് ചെയ്താൽ എനിക്ക് ശേഷം വരുന്ന കളിക്കാർക്ക് ഗുണകരമാകുമെന്നത് കൊണ്ടാണ് അതിന് ശ്രമിക്കുന്നത്. എനിക്കിട്ട് പണി തന്നവർ നമ്മളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നമ്മൾ അവരുടെ കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടൊക്കെയാണ് മടിക്കുന്നത്. ഇത്രയും കാലം നമുക്കുവേണ്ടി കളിച്ച കളിക്കാരാണ്. അവരെ കുറിച്ചുള്ള ഇത്തരം വിവരങ്ങൾ പുറത്തുവരുമ്പോൾ ജനങ്ങൾക്ക് അവരോടുള്ള ബഹുമാനം ഇല്ലാതാകും’- അനസ് പറഞ്ഞു.

താൻ വളരെ വൈകി രാജ്യാന്തര ഫുട്ബാളിലേക്ക് വന്നയാളായിട്ടു കൂടി പെട്ടെന്ന് വിരമിക്കേണ്ടി വന്നതിന് പിന്നിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനകം കായികരംഗത്ത് നിന്ന് പല തരത്തിലുള്ള അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനസ് ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി ആരാധകർ താരത്തെ പിന്തുണച്ച് വീഡിയോ പങ്കുവെച്ചതോടെ ഇത് ചർച്ചയാകുകയായിരുന്നു.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!