ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയാണ്. അതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്.

രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അന്ന, ഹെലന്‍ എന്നിവരാണ് മക്കൾ.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഷിബു ഡാനിയൽ മരിച്ചതോടെ, പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാ സേന ആവശ്യപ്പെട്ടു.

മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുക. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം. ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും.

ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക. ഇല്ലെങ്കില്‍ വാല്‍വിനുള്ളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളിലും തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ.

കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക. മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങി ഉപയഗിക്കണമെന്നും അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറായ റെജി വി.കുര്യാക്കോസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!