സർക്കാർ ജോലിക്ക് സീനിയർ താരങ്ങൾ പാരവെച്ചു. പേരുകൾ ഉടൻ പുറത്ത് വിടും – അനസ് എടത്തൊടിക

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച പ്രതിരോധ നിര താരമാണ് (ഡിഫൻ്റർ) മലപ്പുറം കൊണ്ടോട്ടിയിലെ അനസ് എടത്തൊടിക. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച് കഴിവ് തെളിയിച്ചിട്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കുള്ള വിളിവന്നത് 2017ലാണ്.

ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റവും പ്രയാസമേറിയ ജോലിയാണ് ഡിഫൻഡർമാർക്കുള്ളത്. എതിർ ടീമിൻ്റെ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം ഗോള്‍പോസ്റ്റിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടവര്‍. ചെറിയൊരു പിഴവ് മതി പന്ത് വലയിലെത്തും, മത്സരം കൈവിടും. അത്തരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് അനസ് എടത്തൊടിക.

പൊതുവെ ശാന്തനും സൌമ്യനുമായി മാത്രമേ അനസിനെ കാണാറുള്ളൂ. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടുവരുന്ന ഒരു നാടൻ കൊണ്ടോട്ടിക്കാരൻ. ഫുട്ബോൾ മൈതാനത്തിലെ പ്രതിരോധമൊന്നും ജീവിതത്തിലില്ല.  എന്നാല്‍ കഴിഞ്ഞ ദിവസം അനസിന്റെ ഒരു വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെയും മറ്റും ഫുട്‌ബോള്‍ പ്രേമികള്‍. 15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ കേരളത്തിനും ഇന്ത്യന്‍ ടീമിനായും ബൂട്ടുകെട്ടിയ അനസിന് ഇതുവരെ ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് പോലും വിവിധ വകുപ്പുകളില്‍ ജോലി ലഭിക്കുമ്പോഴാണ് അനസിനെ പോലൊരു താരം ഇത്തരത്തില്‍ അവഗണനയ്ക്ക് ഇരയാകുന്നതെന്നോര്‍ക്കണം. ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്ക് അപേക്ഷിച്ച ശേഷം താന്‍ നേരിട്ട അവഗണനകൾ നേരിട്ടതായി അനസ് വെളിപ്പെടുത്തി.

നേരത്തെ വിവിധ ഡിപ്പാർട്ടമെൻ്റുകളിൽ ജോലിക്ക് ശ്രമിച്ചിരുന്നു. അതിനായി സ്പോർട്സ് കൗണ്‍സിലില്‍ ആവശ്യമായ രേഖകളും സമർപ്പിച്ചു. എന്നാൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി അവസരങ്ങൾ ചില സീനിയർ താരങ്ങൾ ഇല്ലാതാക്കി. അവർ ഇത് പോലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ ജോലി ചെയ്യുന്നവരാണെന്നും അനസ് വ്യക്തമാക്കി.

അനസിൻ്റെ വെളിപ്പെടുത്തലുകൾ:

“മുമ്പ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ജോലികള്‍ക്കായി ഞാന്‍ ശ്രമിച്ചിരുന്നു. അതിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചതുമാണ്. എന്നാല്‍ അക്കാര്യത്തിലെല്ലാം അവഗണന മാത്രമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞങ്ങളുടെ സീനിയര്‍ താരങ്ങളില്‍ പലരും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും മറ്റുമായുണ്ട്. ഒരു കളിക്കാരന്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഇത്തരത്തിലുള്ള സീനിയര്‍ താരങ്ങളോട് ചോദിക്കും ഇങ്ങനെ ഒരാള്‍ അപേക്ഷിച്ചിട്ടുണ്ട് അയാള്‍ വന്നാല്‍ അത് ആ ടീമിന് കൂടി ഗുണം ചെയ്യുമോ എന്ന്. എന്നാല്‍ എന്നെ എടുക്കണ്ട എന്നാണ് പല സീനിയര്‍ ഫുട്‌ബോള്‍ താരങ്ങളും പറഞ്ഞതെന്നാണ് ഞാനറിഞ്ഞ വിവരം. കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളുകളുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം ആ ആളുകളുടെ പേരുകള്‍ ഉറപ്പായും വെളിപ്പെടുത്തും. എന്തൊക്കെയാണെങ്കിലും ഇവരെല്ലാം ഞങ്ങളുടെ സീനിയേഴ്‌സ് അല്ലേ. ഇത്തരത്തില്‍ എന്റെ ജോലിക്ക് തടസം നിന്നവര്‍ അവര്‍ ആരുമാകട്ടെ അവര്‍ എന്റെ കുടുംബത്തെ കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണല്ലോ എനിക്ക് ജോലി നിഷേധിക്കപ്പെട്ടത്. എന്നാല്‍ അവരുടെ കുടുംബത്തെ കുറിച്ച് ഞാന്‍ ആലോചിക്കുന്നതുകൊണ്ടാണ് അത്തരക്കാരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടാത്തത്.”

 

2019-ല്‍ എടികെയെക്കായി കളിക്കുന്നതിനിടെ പറ്റിയ പരിക്ക് കാരണം രണ്ടു വര്‍ഷത്തോളം അനസിന് കരിയറിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. സര്‍ജറിക്ക് പിന്നാലെ കോവിഡ് കൂടിയെത്തിയതോടെ ജീവിതം ദുസ്സഹമായിരുന്നുവെന്നും അനസ് പറഞ്ഞു.

ഒടുവില്‍ കഴിഞ്ഞ സീസണില്‍ ജംഷേദ്പുര്‍ എഫ്‌സി ടീമിലെടുത്തു. പക്ഷേ പരിക്ക് കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. അതും ആദ്യ ഇലവനില്‍ ഇല്ലാതെ അവസാന 15-20 മിനിറ്റുകള്‍ മാത്രമാണ് കളത്തിലിറങ്ങാനായത്.

സാധാരണ കായിക താരങ്ങള്‍ക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള നോട്ടിഫിക്കേഷന്‍ കാണുമ്പോഴാണ് നമ്മള്‍ അപേക്ഷിക്കാറുള്ളത്. ഇത്തവണയും അനസ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രേഖകളും മറ്റും സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണ ജോലി ഉറപ്പാക്കാമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞിട്ടുണ്ടെന്നും അനസ് വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!