ആലപ്പുഴ ജില്ലാ കലക്ടർ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു
ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും, ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ചയാണ് വിവാഹമെന്നാണ് സൂചന. നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമാണ് ഡോ. ശ്രീറാം വെങ്കിട്ടരാമൻ. എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.
2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു. 2019ൽ കാര്‍ ഇടിച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച രേണു ഇപ്പോൾ ആലപ്പുഴ ജില്ലാ കലക്ടറാണ്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. സഹപാഠിയായ ഒരു ഡോക്ടറുമായി രേണുരാജിൻ്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ആ ബന്ധം വേർപിരിഞ്ഞതിന് ശേഷമുള്ള രണ്ടാം വിവാഹമാണിത്. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.
2019 ഓഗസ്റ്റിലാണ് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയും ബ്യൂറോ ചീഫുമായ കെ.എം ബഷീര്‍ (35) ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ കാര്‍ ഇടിച്ച് മരിച്ചത്. വഫ ഫിറോസ് എന്ന സ്ത്രീയോടൊപ്പം സഞ്ചരിച്ചിരുന്ന കാറായിരുന്നു ബഷീറിനെ ഇടിച്ചത്. ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ആദ്യം പോലീസ് വിട്ടയച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ വിളിച്ചുവരുത്തി വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. അതിനിടെയാണ് അപകടം ഉണ്ടായത്.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd