റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് മാത്രം അവസാന പത്തില്‍ ഉംറയ്ക്ക് അനുമതി
മക്ക: ഈ റമദാനില്‍ ഇതുവരെ ഒരു ഉംറയെങ്കിലും നിര്‍വഹിച്ചവര്‍ക്ക് റമദാന്‍ അവസാന പത്തില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് നല്‍കില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അവസാന പത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. റമദാനില്‍ ഇതുവരെ നിര്‍വഹിക്കാത്തവര്‍ക്ക് മാത്രമായിരിക്കും അവസാന പത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്കുക.
വിദേശത്തു നിന്നെത്തുന്നവര്‍ സൌദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറയ്ക്ക് ബുക്ക് ചെയ്യണം. തവക്കല്‍ന, ഇഅതമാര്‍ന ആപ്പുകളില്‍ ബുക്കിംഗിനുള്ള സൌകര്യമുണ്ട്. ഉംറ ബുക്കിംഗിന് കോവിഡ് വാക്സിന്‍ എടുക്കണമെന്ന നിബന്ധനയില്ല. എന്നാല്‍ കോവിഡ് രോഗികള്‍ക്കും, രോഗികളുമായി ഇടപഴകിയവര്‍ക്കും നിശ്ചിത സമയത്തേക്ക് പെര്‍മിറ്റ് നല്‍കില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറയ്ക്ക് അല്ലാതെ ഹറം പള്ളിയില്‍ പ്രവേശിക്കുന്നതിനും ഇത് തന്നെയാണ് നിബന്ധന.
45 വയസിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്കും മഹ്റം കൂടെയില്ലെങ്കിലും ഉംറ വിസ അനുവദിക്കും. ഏതെങ്കിലും സംഘത്തില്‍ അംഗമാകാതെ ഒറ്റയ്ക്കും ഇവര്‍ക്ക് ഉംറ നിര്‍വഹിക്കാനായി സൌദിയിലെത്താം. ഉംറയുടെ തിയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. എന്നാല്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത ശേഷം ബുക്കിംഗിന് അവസരം ഉണ്ട്. ഉംറ തുടങ്ങുന്നതിന് 6 മണിക്കൂര്‍ മുംപെങ്കിലും ക്യാന്‍സല്‍ ചെയ്യണം.