സൗദിയിൽ തൊഴിൽ കരാറുകൾ മെയ് 12 മുതൽ “ഖ്വിവ” പ്ലാറ്റ്‌ഫോമിലേക്ക് മാറും

സൌദി അറേബ്യയിൽ നിലവിലുള്ള എല്ലാ തൊഴിൽ കരാറുകളും മെയ് 12 മുതൽ “ഖ്വിവ” പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ വെബ് സൈറ്റിൽ നിന്നും മദാദിൽ നിന്നും നിലവിലുള്ള എല്ലാ ഡോക്യുമെൻ്റുകളും ബിസിനസ് മേഖലയുടെ ഏകീകൃത പ്ലാറ്റ്ഫോമായ “ഖ്വിവ” യിലേക്ക് മാറ്റും. ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷൂറൻസുമായി (GOSI) സഹകരിച്ച് അതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ നിലവിലുള്ള പേപ്പർ കരാറുകളും മറ്റുള്ളവയും പൂർണമായു ഇലക്ട്രോണിക് രൂപത്തിലേക്ക് മാറും.

മെയ് 12 മുതൽ തൊഴിൽ കരാറുകൾ “ഖ്വിവ” പ്ലാറ്റ്‌ഫോമിൽ മാത്രമേ അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയുള്ളൂ. തൊഴിൽ കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അംഗീകൃത പ്ലാറ്റ്ഫോം ആയിരിക്കും ക്വിവ.

ഖ്വിവയിൽ അപ് ലോഡ് ചെയ്യുവാനുള്ള തൊഴിൽ കരാർ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഡോക്യുമെന്റുചെയ്യുന്നതിനുമുള്ള പരിചയക്കുറവും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി,  കരാർ ഡോക്യുമെൻ്റേഷൻ ആൻ്റ് മാനേജ്മെൻ്റ്  സർവീസ് എന്ന പേരിൽ ക്വിവയിൽ  തന്നെ പുതിയ സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്  ചെയ്യുക

ജീവനക്കാരുടെ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ സൃഷ്ടിക്കാനും ഡോക്യുമെന്റേഷൻ ചെയ്യാനും ഈ സേവനത്തിലൂടെ സാധിക്കും. തൊഴിലുടമ തൊഴിൽ കരാർ തയ്യാറാക്കിയ ശേഷം, തൊഴിലാളിക്ക് ഇത് വായിച്ച് നോക്കി, കരാർ അംഗീകരിക്കുവാനോ, നിരസിക്കുവാനോ, അല്ലെങ്കിൽ കരാറിൽ ഭേതഗതി വരുത്തുവാൻ ആവശ്യപ്പെടുവാനോ സാധിക്കും.

തൊഴിലാളിയുടെ ഖ്വിവ പോർട്ടൽ വഴിയാണ് ഈ സേവനം ലഭ്യമാകുക. തൊഴിലുടമയും തൊഴിലാളിയും തൊഴിൽ കരാർ അംഗീകരിക്കുന്നതോടെ തൊഴിൽ കരാർ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിക്കും. തുടർന്ന് തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാകുന്ന എല്ലാ തർക്കങ്ങളിലും ഈ കരാറായിരിക്കും പരിഗണിക്കുക. അതിനാൽ പ്രവാസികൾ തൊഴിൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കൃത്യമായി വായിച്ച് നോക്കി പൂർണമായും ബോധ്യപെടേണ്ടതാണ്. തൊഴിൽ  കരാർ കാലവധി, വേതനം, തൊഴിൽ മാറ്റം തുടങ്ങി എല്ലാ ഭാഗങ്ങളും കൃത്യമായി വായിച്ച് നോക്കി മാത്രമേ കരാർ അംഗീകരിക്കാൻ പാടുള്ളൂ.

തൊഴിലുടമ തൊഴിൽ കരാർ ഖ്വിവ പ്ലാറ്റ് ഫോമിൽ അപ് ലോഡ് ചെയ്താൽ തൊഴിലാളി 10 ദിവസത്തിനകം കരാർ അംഗീകരിക്കുകയോ, നിരസിക്കുകയോ, ഭേദഗതി ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണ്. പത്ത് ദിവസത്തിനുള്ളിൽ  തൊഴിലാളി പ്രതികരിച്ചിട്ടില്ലെങ്കിൽ തൊഴിൽ കരാർ സ്വമേധയാ ക്യാൻസൽ ആകുന്നതായിരിക്കും.

തൊഴിലുടമയുടേയും തൊഴിലാളിയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജീവനക്കാരന് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും അവന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ സേവനം സഹായകരമാകും. കൂടാതെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തർക്കങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണാനും പുതിയ കരാറിലൂടെ സാധിക്കും.

കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

Share
error: Content is protected !!