റമദാൻ അവസാന പത്തിലേക്ക്. മക്കയിലെ ഹറം പള്ളിയിൽ തിരക്ക് നിയന്ത്രിക്കാൻ വൻ ക്രമീകരണങ്ങൾ
വിശുദ്ധ റമദാൻ 20 പൂർത്തിയാകുന്നതോടെ, ഇന്ന് (വ്യഴാഴ്ച) രാത്രി മുതൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ അവസാന പത്തിലെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിക്കും. അവസാന പത്ത് ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നതിനാൽ, തിരക്ക് നിയന്ത്രിക്കുവാൻ വൻ ക്രമീകരണങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുള്ളത്. റമദാൻ തുടക്കം മുതൽ തന്നെ ഹറമിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തിരക്ക് നിയന്ത്രിക്കുന്നതിൽ അതികൃതർ വിജയിച്ചു. അവസാന പത്തിൽ കൂടുതൽ തിരക്കുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് മക്കയിലെ ഹറം പള്ളിയിൽ ഒരുക്കിയിട്ടുള്ളത്.
അവസാന പത്തിൽ ത്വവാഫ് അഥവാ കഅബ പ്രദക്ഷിണത്തിന് കൂടുതൽ സ്ഥലം അനുവദിക്കുമെന്ന് ഉംറ സുരക്ഷാ സേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. റമദാൻ തുടക്കം മുതൽ കഅബയുടെ മുറ്റവും, താഴത്തെ നിലയും ത്വവാഫിന് മാത്രമായി നീക്കിവെച്ചിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നതിനാൽ കഅബയുടെ മുറ്റം, താഴത്തെ നില എന്നിവക്ക് പുറമെ, ഒന്നാം നിലയുടെ മുൻഭാഗവും, മേൽക്കൂരയും ത്വവാഫിന് വേണ്ടി നീക്കിവെക്കുമെന്ന് മുഹമ്മദ് അൽ ബസാമി പറഞ്ഞു.
ഉംറ പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തിയതിയും സമയവും കൃത്യമായി പാലിക്കണമെന്ന് തീർഥാടകരോടും ഉംറ കമ്പനികളോടും ്അധികൃതർ ആവശ്യപ്പെട്ടു. ഹറമിലേക്ക് വരുന്ന തീർഥാടകരെ ഗ്രൂപ്പുകളാക്കിയും, ഹറമിലേക്ക് വരാനും തിരിച്ച് പോകുവാനുമുള്ള ബസുകളുടെ എണ്ണം വർധിപ്പിച്ചും ഗതാഗതം എളുപ്പമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ന് (വ്യാഴാഴ്ച) നോമ്പ് തുറക്കുന്നതോടെ സൗദി അറേബ്യയിൽ റമദാനിലെ അവസാന പത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് രാത്രി മുതൽ ഇഅ്തികാഫിന് രജിസ്റ്റർ ചെയ്്തിട്ടുള്ള വിശ്വാസികൾ ഹറം പള്ളികളിലെത്തി തുടങ്ങും. തഹജ്ജുദ് നിസ്കാരവും ഇന്ന് മുതൽ ആരംഭിക്കുന്നതോടെ ഹറം പള്ളികൾ കൂടുതൽ ഭക്തി സാന്ദ്രമാകും.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd