കുടുംബം സൗദിയിലേക്ക് വരാനിരിക്കെ, മലയാളി വാഹനപകടത്തിൽ മരിച്ചു
സൌദിയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. ജിസാനിൽ നിന്ന് ഏകദേശം നൂറ് കിലോമീറ്ററോളം അകലെ ദർബിൽ വെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ കാപ്പാട് സ്വദേശിയായ കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ അബ്ദുൽ റഷീദാണ് മരിച്ചത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം തറാവീഹ് നിസ്കാരം കഴിഞ്ഞ ശേഷം പളളിയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വദേശി പൗരൻ ഓടിച്ച പിക്അപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്.
ഇദ്ദേഹത്തിൻ്റെ കുടുംബം ശനിയാഴ്ച സൌദിയിലേക്ക് വരാനിരിക്കുകയായിരുന്നു. ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു. പതിനേഴ് വർഷത്തോളമായി സൌദിയിൽ പ്രവാസിയാണ്.
കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ മുഹമ്മദിൻ്റേയും നബീസയുടേയും മകനാണ്. സാജിറയാണ് ഭാര്യ. അതിൻ, ആയിൻ അനബിയ, ഹാമി ആലിയ എന്നിവർ മക്കളാണ്. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd