ഇന്ത്യൻ ദമ്പതികളെ ഉറക്കത്തിൽ കുത്തിക്കൊന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചു ദുബായ് കോടതി

ഉറങ്ങി കിടക്കുകയായിരുന്ന ഇന്ത്യൻ ദമ്പതികളെ കിടക്കയിൽ വെച്ച് കുത്തിക്കൊന്ന നിർമാണ തൊഴിലാളിക്ക് ദുബായ് ക്രിമിനൽ കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചു. പ്രതിയാണെന്ന്  തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ 26 കാരനായ പാക്കിസ്ഥാൻ പൌരനെയാണ് വധശിക്ഷക്ക് വിധിച്ചത്.

2020 ജൂൺ 17 ന് രാത്രിയാണ് സംഭവം നടന്നത്. ദുബായിൽ ഇന്ത്യൻ ദമ്പതികളായിരുന്ന ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 2019 ഡിസംബറിൽ ഇവർ താമസിച്ചിരുന്ന വില്ലയിൽ അറ്റകുറ്റപണികൾക്കായി വന്നതായിരുന്നു പ്രതിയായ പാക്കിസ്ഥാൻ പൌരൻ. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കണ്ട പണവും ആഭരണങ്ങളും മോഷ്ടിക്കാൻ ഇയാൾ പദ്ധതിയിട്ടു. അതിനായി മിറാഡോറിലെ ഇവർ താമസിക്കുന്ന അറേബ്യൻ റേഞ്ചസിലെ വില്ലയിലെത്തി. രാത്രി വില്ല അടുക്കുന്നതിന് മുമ്പ് തന്നെ അകത്ത് കയറികൂടിയ പ്രതി  ആറ് മണിക്കൂറോളം ആരുടേയും ശ്രദ്ധയിൽപ്പെടാതെ അവിടെ ഒളിച്ച് കഴിഞ്ഞു.

രാത്രി ലൈറ്റുകളെല്ലാം അണഞ്ഞ ശേഷം എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ പ്രതി താഴത്തെ നിലയിലെ വാലറ്റിൽ നിന്ന് 1,965 ദിർഹം മോഷ്ടിച്ചു. പിന്നീട് കൂടുതൽ പണവും ആഭരണങ്ങളും കൈവശപ്പെടുത്തുന്നതിനായി മുകളിലത്തെ നിലയിലേക്ക് പോയി. ബെഡ്റൂമിലെ ബെഡ് സൈഡിലെ ഡ്രോവർ തുറക്കുന്ന ശബ്ദം കേട്ട് വിധി ആദിയ (ഭാര്യ) പെട്ടെന്ന് ഉണർന്നു. ഉടൻതന്നെ പ്രതി അവൾക്ക് നേരെ തിരിയുന്നതിന് മുമ്പ് അവളുടെ ഭർത്താവിനെ കിടക്കിയിലിട്ട് ക്രൂരമായി കുത്തിക്കൊന്നു.

ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം ഭർത്താവിൻ്റെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലും പത്ത് തവണ കുത്തേറ്റിരുന്നു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലതു കൈ എന്നിവിടങ്ങളിലായി 14 തവണയും കുത്തേറ്റു. അവരുടെ പുതപ്പിനേയും കീറി മുറിച്ച് പോകുമാറ് ശക്തമായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം കിടപ്പ് മുറിയിൽ നിന്ന് പുറത്ത് കടന്ന ആക്രമി അവരുടെ 18 വയസ്സായ മകളെ കണ്ട് മുട്ടി. അവളുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പെണ് കുട്ടിയും അവളുടെ 15 വയസ്സായ സഹോദരിയും ചേർന്ന് പോലീസിനേയും, പിതാവിൻ്റെ സുഹൃത്തിനേയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു.

ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും, അന്വോഷണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടൽ പ്രതിയെ വലയിലാക്കി. ആക്രമം നടന്ന സ്ഥലത്ത് ചുമരിൽ പതിഞ്ഞ രക്തം പുരണ്ട കൈ മുദ്രയും, അവരുടെ കിടക്കയിൽ നിന്ന് കിട്ടിയ പ്രതിയുടെ മുഖം മൂടിയും, രക്തസാമ്പിളുകളിലെ ഡിൻഎ പരിശോധനയുമാണ് പ്രതി ഇയാളാണെന്ന് സ്ഥരികരിക്കുവാൻ അന്വോഷണ ഉദ്യോഗസ്ഥർക്ക് സഹായകരമായത്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വില്ലയുടെ 500 മീറ്റർ അകലെ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്തു.

അക്രമ സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം 24 മണിക്കൂറിനകം ഷാർജയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിൽ, ദമ്പതികളുടെ ആസൂത്രിത കൊലപാതകം, മകളെ കൊലപ്പെടുത്താൻ ശ്രമിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് പാകിസ്ഥാനിലുള്ള തന്റെ അമ്മയ്ക്ക് അസുഖം വന്നിരുന്നുവെന്നും ചികിത്സക്ക് പണമില്ലാത്തതിനാൽ താൻ നിരാശനായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ 2020 നവംബറിൽ പ്രതിയെ കോടതിയിൽ ഹാജരായപ്പോൾ, അദ്ദേഹം നിലപാട് മാറ്റുകയും എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചെയ്തു.

 

 

കൊലപാതകം നടന്ന ദിവസം പുലർച്ചെ 1.30 ഓടെ മാതാപിതാക്കളുടെ കിടപ്പുമുറിയിൽ നിന്ന് സഹായത്തിനായുള്ള ചില നിലവിളി കേട്ടുവെന്നും,  എന്താണ് സംഭവിക്കുന്നതെന്നറിയാനായി മുകളിലേക്ക് കയറി ചെന്നപ്പോൾ അവിടെ മൊബൈലിൻ്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് അക്രമിയെ കണ്ടുവെന്നും മകൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോടതിയൽ മൊഴി നൽകിയിരുന്നു. മുറിയുടെ വാതിൽക്കൽ വെച്ചാണ് പ്രതിയെ കണ്ടുമുട്ടിയത്. അവൻ എന്നെ കണ്ടയുടനെ കത്തികൊണ്ട് കുത്തി, പക്ഷേ അവൻ ഓടിപ്പോകുന്നതിന് മുമ്പ് ഞാൻ അവനെ ചവിട്ടിയെന്നും മകൾ ജഡ്ജിമാരോട് പറഞ്ഞിരുന്നു.

പുലർച്ചെ രണ്ട് മണിയോടെ തന്നെ വിളിച്ചപ്പോൾ പെൺകുട്ടി അർധബോധാവസ്ഥയിൽ നിലവിളിക്കുകയായിരുന്നുവെന്ന് മരിച്ച ഹിരണിൻ്റെ സുഹൃത്ത് പറഞ്ഞു. ആ സമയത്ത് കുട്ടികളുടെ അമ്മ മരിച്ചിരുന്നു. പിതാവ് അപ്പോഴും അനങ്ങി കൊണ്ടിരിക്കുകയായിരുന്നുവെന്നും, മകൾ കുത്തേറ്റ് കരയുകയാരുന്നുവെന്നും പിതാവിൻ്റെ സുഹൃത്തും കോടതിയിൽ പറഞ്ഞു. മകൾ വിളിച്ചപ്പോൾ ആദ്യം കരുതിയത് സ്വപ്നം കണ്ട് പേടിച്ചിട്ടാണെന്നാണ്. എന്നാൽ ഞാനും ഭാര്യയും അവരുടെ വില്ലയിൽ എത്തിയപ്പോൾ പോലീസിനേയും ആംബുലൻസും കണ്ടു ഞെട്ടിയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ആസൂത്രിതമായ കുറ്റകൃത്യമായതിനാൽ പ്രതിക്കെതിരെ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. വിധിക്കെതിരെ 15 ദിവസത്തിനകം പ്രതിക്ക് അപ്പീൽ നൽകാവുന്നതാണ്.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share

One thought on “ഇന്ത്യൻ ദമ്പതികളെ ഉറക്കത്തിൽ കുത്തിക്കൊന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചു ദുബായ് കോടതി

Comments are closed.

error: Content is protected !!