വഖഫ് ബോർഡ് പി.എസ്.സി നിയമനം: മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എതിർപ്പ് അറിയിച്ച് മുസ്‌ലിം സംഘടനകൾ
വഖഫ് ബോർഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും, നിയമനം പിഎസ്‌സിക്കു വിടാനായി നിയമസഭയിൽ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും എ.പി വിഭാഗം ഒഴികെയുള്ള മുഴുവൻ സംഘടനകളും ആവശ്യപ്പെട്ടു. നിയമനം പിഎസ്‌സിക്കു വിടുന്നതിനെ എപി വിഭാഗം സ്വാഗതം ചെയ്തു. സുതാര്യമായ നിയമനം വേണമെന്ന് അവർ യോഗത്തിൽ ആവശ്യപ്പെട്ടു.
വഖഫ് ബോർഡിൽ കുറ്റമറ്റ രീതിയിൽ നിയമനം നടത്താൻ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോർഡ് പ്രതിനിധികളെയും കൂട്ടിച്ചേർത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
യോഗത്തിൽ സംസാരിച്ച 11 പ്രതിനിധികളിൽ ആരും നിയമനം പിഎസ്‌സിക്കു വിടണം എന്നു പറഞ്ഞില്ലെന്നു സമസ്താ നേതാക്കൾ പറഞ്ഞു. സുതാര്യമായ നിയമനം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. നിയമനത്തിനു റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും സമിതിയാണ് ഉചിതമെന്നും സമസ്താ നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത കേരള മുസ്‌ലിം ജമാഅത്ത് ഒഴികെ മുഴുവൻ സംഘടനകളും നിയമനം പി.എസ്.സിക്ക് വിട്ട നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനങ്ങൾ സുതാര്യമാകണമെന്നും മുസ്ലിംകളല്ലാത്തവരെ നിയമിക്കുന്ന സാഹചര്യമുണ്ടാകരുതെന്നുമുള്ള നിലപാടാണ് മുസ്‌ലിം ജമാഅത്ത് സ്വീകരിച്ചത്. മറ്റൊരു സംസ്ഥാനത്തും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കുന്ന സ്ഥിതി വിശേഷമുണ്ടായാൽ മുസ്ലിംകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാൻ വഴിവെക്കും.
നിലവിലെ നിയമന നടപടികൾ കൂടുതൽ സുതാര്യമാക്കുന്ന സംവിധാനം സർക്കാറിന് നടപ്പാക്കാം. അല്ലെങ്കിൽ വഖഫ് ബോർഡ് പ്രതിനിധികളും മതസംഘടന പ്രതിനിധികളും അടങ്ങിയ പ്രത്യേക നിയമന സംവിധാനം കൊണ്ടുവരാമെന്നും സംഘടനകൾ യോഗത്തിൽ നിർദേശിച്ചു. യോഗ്യരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് ഈ വിഷയത്തിൽ തുറന്ന മനസ്സാണ് ഉള്ളതെന്നും പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കൾ വ്യക്തമാക്കി. തുടർനടപടിക്കായി കാത്തിരിക്കുമെന്നും വിവിധ സംഘടന പ്രതിനിധികൾ യോഗത്തിനു ശേഷം പ്രതികരിച്ചു.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd