മുന്നണി മാറ്റത്തെ കുറിച്ച് മുസ്ലീം ലീഗ്. എസ്.ഡി.പി.ഐ യെ തള്ളാതെ എൽ.ഡി.എഫ്

മുന്നണിമാറ്റം മുസ്‍ലിം ലീഗ് ഇത് വരെ  ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ശക്തമായി ഒരു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ ഞങ്ങളിപ്പോൾ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.ജയരാജന്‍  പൊതുവായി പറഞ്ഞതായിരിക്കുമെന്നും, സിപിഎം ചര്‍ച്ച ചെയ്തു പറഞ്ഞതാണെന്നു കരുതുന്നില്ലെന്നും, ജയരാജൻ്റെ ക്ഷണം ഔദ്യോഗികമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാര്യങ്ങളുണ്ട്. അതൊക്കെ വച്ചിട്ടായിരിക്കണം രാഷ്ട്രീയമായ വിലയിരുത്തൽ നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്‍റെ ശത്രുക്കളാണ്. എസ്‍ഡിപിഐ ലീഗിന്‍റെ ആജന്മശത്രുക്കളാണ്. ലീഗിന്‍റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്നായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍ പറഞ്ഞിരുന്നത്. പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ്ഡിപിഐ യോടുള്ള എതിർപ്പ് കുഞ്ഞാലിക്കുട്ടി ശക്തമായി പ്രകടിപ്പിച്ചപ്പോൾ, എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ വ്യത്യസ്തമായ നിലപാടാണ് പ്രകടിപ്പിച്ചത്. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണെന്നും പറഞ്ഞ ജയരാജൻ, എൽഡിഎഫ് നയം അംഗീകരിച്ചാൽ പി ജെ കുര്യനെയും സ്വീകരിക്കുമെന്നും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കുമെന്നും പറഞ്ഞു. കൂടാതെ ആർഎസ്പി പുനർവിചിന്തനം നടത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

 

മറ്റു വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

Share
error: Content is protected !!