ദിലീപിന് നാളെ നിർണായക ദിനം; ഹർജിയിൽ നാളെ വിധി പറയും
വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടത്.
ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആർ നിലനിൽക്കില്ലെന്നും ദിലീപ് ഹരജിയിൽ പറയുന്നു.
എഴ് പേരാണ് നിലവില്‍ വധ ഗൂഢാലോചന കേസില്‍ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. തുടക്കത്തില്‍ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ദന്‍ സായ് ശങ്കറിനെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാൽ, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
അതേ സമയം കോടതി രേഖകള്‍ ദിലീപിൻ്റെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ദിലീപിനോട് വിശദീകരണം ചോദിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു.
കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക