സൗദിയിൽ തൊഴിലാളികളെ ഹുറൂബാക്കുന്നതിനും പിൻവലിക്കുന്നതിനും പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു
സൌദിയിൽ തൊഴിലാളികൾ ഓളിച്ചോടിയതായി പ്രഖ്യാപിച്ച് ഹുറൂബ് ആക്കുന്ന രീതിക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഇനി മുതൽ തൊഴിലുടമക്ക് ഇത് വരെയുണ്ടായിരുന്ന രീതിയിൽ എളുപ്പത്തിൽ തൊഴിലാളികളെ ഹുറൂബ് കേസുകളിൽ ഉൾപ്പെടുത്താനാകില്ല. തൊഴിലാളികൾ ഒളിച്ചോടിയതായി പ്രഖ്യാപിച്ച് ഹുറൂബിൽ ഉൾപ്പെടുത്താൻ തൊഴിലുടമകൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഹുറൂബാക്കുവാനുള്ള നിബന്ധനകൾ
1. തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരിക്കണം (കാലാവധിയുള്ള തൊഴിൽ പെർമിറ്റുള്ള തൊഴിലാളികളെ ഹൂറൂബാക്കൻ അനുവാദമില്ല)
2. ഓണ്‍ലൈന്‍ വഴി മാത്രമേ ഹുറൂബ് ആക്കാനുള്ള അപേക്ഷ സ്വീകരിക്കുകയുള്ളൂ.
3. ലേബര്‍ ഓഫീസ് ശാഖകള്‍ വഴി ഹുറൂബിനുള്ള അപേക്ഷ സ്വീകരിക്കില്ല.
4. അപേക്ഷകൾ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയിരിക്കണം.
മേൽ വിവരിച്ച നടപടിക്രമങ്ങളിലൂടെ തൊഴിലുടമ തൊഴിലാളിയെ ഹുറൂബാക്കുന്നതിന് അപേക്ഷ നൽകിയാൽ, തൊഴിലുടമക്ക് കീഴിലെ തൊഴിലാളികളുടെ ഇഖാമ കാലാവധി, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം, ഉദ്യോഗസ്ഥര്‍ സ്ഥാപനം സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളി നല്‍കിയ പരാതികള്‍ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തൊഴിലുടമ പുതിയ അപേക്ഷയിൻ മേൽ നടപടി സ്വീകരിക്കുകയുള്ളൂ.
ഹുറുബിന് അനുവാദമുള്ള സാഹചര്യങ്ങൾ
1. വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചതിന് ശേഷം കോടതി വിധി പ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കാലാവധി നിശ്ചയിക്കുകയും നിശ്ചിത കാലാവധിക്കകം സ്‌പോണ്‍സര്‍ഷിപ്പ് മാറാതിരിക്കുകയും ചെയ്താല്‍, വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച് ആറ് മാസത്തിനകം തൊഴിലാളിയെ ഹുറൂബ് ആക്കുവാനായി അപേക്ഷ നൽകാൻ തൊഴിലുടമക്ക് അനുവാദമുണ്ട്.
2. തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് നൽകാൻ തീരുമാനമുണ്ടായ ശേഷം, നിശ്ചിത സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ തൊഴിലാളി വീഴ്ച വരുത്തുകയും ചെയ്താൽ ആറ് മാസത്തിനകം ഹുറൂബിന് അപേക്ഷ നൽകുവാൻ തൊഴിലുടമക്ക് അനുവാദമുണ്ടായിരിക്കും.
3. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചതിന് ശേഷം, നേരത്ത രജിസ്റ്റർ ചെയ്ത ഹുറൂബ് ക്യാൻസൽ ചെയ്ത് 15 ദിവസത്തിനുള്ളിൽ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഫൈനല്‍ എക്‌സിറ്റ് നല്‍കാനോ തൊഴിലാളിക്ക് അനുമതി നൽകിയിട്ടും, നിശ്ചിത സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ തൊഴിലാളിക്ക് സാധിക്കാതെ വരികയും, അത് വഴി തൊഴിലുടമയുടെ ഓണ്‍ലൈന്‍ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്താൽ, ആദ്യ ഹുറൂബ് ക്യാൻസൽ ചെയ്തത് മുതൽ ആറ് മാസത്തിനുള്ളിൽ വീണ്ടും പുതിയ ഹുറൂബിന് അപേക്ഷിക്കാവുന്നതാണ്.
ഹുറൂബ് പിൻവലിക്കൽ
1. തൊഴിലാളിയെ ഹുറൂബാക്കിയതിന് ശേഷം ഇരുപത് ദിവസത്തിനകം ഹുറൂബ് ഹുറൂബ് ഓണ്‍ലൈനായി പിന്‍വലിക്കാൻ തൊഴിലുടമക്ക് സാധിക്കും. എന്നാൽ 20 ദിവസത്തിന് ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ, അതിന് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ട് നല്‍കുന്നതോടൊപ്പം ഹുറൂബ് പിന്‍വലിച്ച് പത്ത് ദിവസത്തിനകം ഇഖാമ പുതുക്കുമെന്ന് തൊഴിലുടമ സത്യവാങ്മൂലം നല്‍കുകയും വേണം.
2. ഒരു വര്‍ഷത്തിനുള്ളിൽ ഒന്നിലധികം തവണ തൊഴിലാളിയെ ഹുറൂബാക്കുക, സ്ഥാപനത്തില്‍ ആരുടെയെങ്കിലും ഇഖാമ പുതുക്കാതിരിക്കുക, ഹുറൂബാക്കിയതിനെതിരെ തൊഴിലാളി ലേബര്‍ ഓഫീസില്‍ പരാതി നല്‍കുക, തൊഴിലാളിയെ പൊലീസ് പിടിച്ച് തര്‍ഹീലില്‍ ആക്കുക എന്നീ കാര്യങ്ങള്‍ സംഭവിച്ചാല്‍ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ തൊഴിലുടമക്ക് ഹുറൂബ് പിന്‍വലിക്കല്‍ സാധിക്കുകയുള്ളൂ.
അന്യായമായി ഹുറൂബാക്കിയാൽ തൊഴിലാളിക്ക് ചെയ്യാൻ കഴിയുന്നത്
1. അന്യായമായി ഹുറൂബാക്കപ്പെട്ട തൊഴിലാളിക്ക് 12 മാസത്തിനുള്ളിൽ ഓണ്‍ലൈന്‍ വഴി തൊഴില്‍ വകുപ്പിന് പരാതി നൽകാം.
2. ഹുറൂബാക്കിയ ദിവസം തൊഴിലാളി ജോലിയിലോ, ലീവിലോ, അല്ലെങ്കിൽ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയ അവസ്ഥയിലോ ആണെങ്കില്‍ അക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകൾ പരാതിയോടൊപ്പം സമർപ്പിക്കണം.
3. തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച്, തൊഴിലാളുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഹുറൂബ് പിൻവലിക്കുന്നതാണ്.
4. തൊഴിൽ വകുപ്പ് ഹുറൂബ് പിൻവലിച്ച് 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് മാറുമെന്നോ ഫൈനല്‍ എക്‌സിറ്റില്‍ പോകുമെന്നോ തൊഴിലാളി ഉറപ്പ് നൽകേണ്ടതാണ്.
കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക