മുഖ്യമന്ത്രിയുടെ ചികിത്സക്ക് 29.82 ലക്ഷം രൂപ; ഉത്തരവ് സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നതെന്ന് ജോയിന്‍റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപ അനുവദിച്ചു എന്നതായിരുന്നു ആദ്യം പുറത്തിറക്കിയ ഉത്തരവ്. ജനുവരി 11 മുതൽ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നതെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ 30ന് മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം(അക്കൌണ്ട്സ്) വിഭാഗം പണം അനുവദിച്ചിരുന്നത്. ചികിത്സയ്ക്കായി ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ജനുവരി 15 മുതൽ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയത്. ഭാര്യ കമലക്കും പേഴ്സണൽ സെക്രട്ടറി സുനീഷിനും ഒപ്പമാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ