സുബൈറിൻ്റെ മൃതദേഹം കബറടക്കി; ശ്രീനിവാസൻ്റെ മൃതദേഹം ഞായറാഴ്ച സംസ്കരിക്കും
പാലക്കാട് ∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിൻ്റെ മൃതദേഹം എലപ്പുള്ളി ജുമാ മസ്ജിദിൽ കബറടക്കി. ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം വീട്ടിലേക്കെത്തിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ സുബൈറിന് അന്ത്യോപചാരമർപ്പിക്കാനെത്തി. സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ രമേശിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന.
വെള്ളിയാഴ്ച ജുമുഅ നിസ്കാരശേഷം പിതാവിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. എതിർ ദിശയിൽ രണ്ട് കാറുകളിലായി വന്ന അക്രമികൾ സുബൈറും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകളേറ്റിട്ടുണ്ട്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലമുതല്‍ കാല്‍ വരേയുള്ള ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകളുണ്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. പിതാവ് അബൂബക്കറിന് വാഹനത്തില്‍നിന്നു വീണ് പരുക്കേറ്റു. ശേഷം ഒരു കാർ ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്.
കാറുകളിൽ ഒന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ആണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ കാർ കൃപേഷ് എന്നയാളുടെ പേരിലായിരുന്നുവെങ്കിലും ഉപയോഗിച്ചിരുന്നത് അലിയാർ എന്നയാൾ ആയിരുന്നു. അലിയാർ അത് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നും പിന്നീടുള്ള മൊഴികളിൽ തെളിഞ്ഞു. ഏറ്റവും ഒടുവിൽ വാഹനം വാടകയ്ക്ക് എടുത്ത രമേശിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കേസിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി, പാറ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂരിലേക്ക് കാറിൽ പോകവെ പാലക്കാട്ടെ കാഴ്ച്ചപ്പറമ്പിൽ വച്ചാണ് ഇതിൽ നാലുപേരെ പിടികൂടിയത്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ച കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയില്‍ മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കയ്യിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ്. ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരാണുള്ളത്. ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്; മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ പുറത്ത് കാത്തുനിന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
പൊലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി വാസുദേവന്‍ പറഞ്ഞു. ആറംഗ കൊലയാളി സംഘത്തിന്റെ വരവും മടക്കവുമെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു.
വെട്ടേറ്റയുടൻ ശ്രീനിവാസനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ