ഉംറ തീർഥാടകർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
മക്കയിൽ ഉംറക്കെത്തുന്ന തീർഥാടകർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ‘ഉംറ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്’ എന്ന തലക്കെട്ടിൽ നടത്തി വരുന്ന ബോധവക്കരണ സന്ദേശത്തിൻ്റെ ഭാഗമായാണ് തീർഥാടകർ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടത്.
ഉംറയുടെ ഭാഗമായി സഇയിലും ത്വാവാഫിലും കൂടുതൽ സമയം നഗ്നപാദനായി നടക്കുമ്പോൾ കാലുകൾക്ക് വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം കർമ്മങ്ങളിൽ മെഡിക്കൽ ഷൂ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കൂടാതെ സൂര്യാഘാതമേൽക്കാതിരിക്കാൻ കുട ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
വെള്ളം ധാരാളമായി കുടിക്കുകയും, ഭക്ഷണ പദാർത്ഥങ്ങളിൽ ദ്രവരൂപത്തിലുള്ളവ വർധിപ്പിക്കുകയും വേണം. ചർമം പൊട്ടിപ്പോവുമെന്ന ഭയമുള്ളവർക്ക്, ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം ആവശ്യമായ ക്രീമുകൾ ഉപയോഗിക്കാം.
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് മെഡിക്കൽ മാസ്‌ക് ധരിക്കണം. വൃത്തികെട്ടതോ കേടായതോ ആയ മാസ്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കലാണ് ഗുണകരമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചു.