പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. മുഖം മൂടി സംഘത്തിൽ ഉണ്ടായിരുന്നത് 5 പേർ

പാലക്കാട്: എലപുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നതായുള്ള സാക്ഷി മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം എതിർ ദിശയിൽ നിന്ന് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എലപുള്ളിയിൽ ചായക്കട നടത്തിയാണ് സുബൈർ കുടുംബം പുലർത്തിയിരുന്നത്.

സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. ശേഷം പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സുബൈറിൻ്റെ കൈകളിലും കാലുകളിലും തലയിലും ഉള്‍പ്പെടെ വെട്ടേറ്റു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്‍റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു.

അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, അക്രമിസംഘം ഉപയോഗിച്ച കാര്‍ നേരത്തെ മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്നും സംശയമുണ്ട്. KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമിസംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

പള്ളിയില്‍നിന്ന് പുറത്തിറങ്ങി വീടിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു കാര്‍ റോഡില്‍ കുറുകെ കിടക്കുന്നതാണ് കണ്ടതെന്ന് സമീപവാസിയും പ്രതികരിച്ചു. വാഹനാപകടമാണെന്ന് ആദ്യം കരുതിയത്. ഓടിയെത്തിയപ്പോഴാണ് സുബൈറിനെ വെട്ടേറ്റനിലയില്‍ കണ്ടതെന്നും സമീപവാസി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകം മനുഷ്യത്വമില്ലാത്തവരുടെ ക്രൂരകൃത്യമാണെന്ന് മലമ്പുഴ എം.എല്‍.എ എ.പ്രഭാകരൻ. കൊലപാതകം തൊഴിലായി സ്വീകരിച്ച ചിലർ നാട്ടിൽ വിലസുകയാണെന്നും എ.പ്രഭാകരൻ എം.എൽ.എ പ്രതികരിച്ചു

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകനെ പിതാവിൻ്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

Share
error: Content is protected !!