കാമുകനൊപ്പം ജീവിക്കാന്‍ മകനെ കൊന്നു; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം

പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം ആരോപിക്കുന്നു. കുട്ടിയുടെ മാതാവ് ആസിയ മാത്രമല്ല കൊലപാതകത്തിന് പിന്നിലെന്നും ഇവരുടെ സഹോദരിക്കും സഹോദരീഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ആസിയയുടെ ഭര്‍തൃപിതാവാണ് ഇബ്രാഹിം.

എന്നാൽ, കുട്ടിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ആസിയയുടെ സഹോദരി ഹാജറ പറഞ്ഞു. കൊല്ലപ്പെട്ട മുഹമ്മദ് ഷാനിനെ തനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ആസിയക്ക് കുഞ്ഞിനെ വേണ്ട എന്നുണ്ടെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഹാജറ പറഞ്ഞു.

കഴിഞ്ഞദിവസമാണ് എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് ഷാനിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് ആസിയയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആസിയയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആസിയയും ഭര്‍ത്താവ് ഷമീറും രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇതിനിടെ, ആസിയ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. എന്നാല്‍ യുവതിക്ക് കുഞ്ഞുണ്ടെന്ന വിവരം യുവാവ് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവാവുമൊത്ത് ജീവിക്കാനായി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആസിയ പൊലീസിന് നൽകിയ മൊഴി.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആസിയയെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share

One thought on “കാമുകനൊപ്പം ജീവിക്കാന്‍ മകനെ കൊന്നു; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം

Comments are closed.

error: Content is protected !!