റോപ് വേ അപകടം: രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടറിൽനിന്ന് വീണ് യുവാവ് മരിച്ചു – വിഡിയോ

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ റോപ് വെയിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ഞായറാഴ്ച വൈകുന്നേരം റികൂട്ട് കുന്നുകളിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  സംഭവത്തിൽ രണ്ട് പേർ നേരത്തെ മരിക്കുകയും സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നിരവധി പേർ ഇപ്പോഴും കേബ്ൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രിയായതോടെ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. രക്ഷാപ്രവർത്തനം ചൊവ്വാഴ്ച രാവിലെ പുനരാരംഭിക്കും.

തിങ്കളാഴ്ച വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. ഇതിനിടയിലാണ് ഒരാൾ ഹെലിക്കോപ്റ്ററിൽ നിന്ന് വീണുമരിക്കുന്നത്. ഹെലികോപ്ടറിലേക്ക് ഉയർത്തുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.

ഇതുവരെ 27 പേരെ മാത്രമേ രക്ഷപ്പെടുത്താനായുളളൂ. അപകടം നടന്ന് 24 മണിക്കൂർ കഴിയുമ്പോൾ കുറഞ്ഞത് ഇനിയും 20 പേരെങ്കിലും രക്ഷപ്പെടുത്താനായി കാത്തിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കേബ്ൾ കാറിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഡ്രോണുകളുടെ സഹായത്തോടെ വെള്ളവും ഭക്ഷണവും നൽകുന്നുണ്ടെന്ന് സ്ഥലത്തുള്ള ദേശീയ ദുരന്തനിവാരണ സേന അസിസ്റ്റന്റ് കമാൻഡന്റ് വിനയ് കുമാർ സിങ് പറഞ്ഞു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവശേഷം റോപ്‌വേ മാനേജരും സ്വകാര്യ കമ്പനിയിലെ മറ്റ് ജീവനക്കാരും സ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു.

ചിലർ ഇപ്പോഴും റോപ്പ്‌വേയിലെ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രിയായതിനാൽ രക്ഷാ പ്രവർത്തനം നിറുത്തി വെച്ചു. നാളെ രാവിലെ വീണ്ടും രക്ഷാ പ്രവർത്തനം തുടരും. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും ഡിസി പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചു.

രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദിയോഘർ ഡെപ്യൂട്ടി കമീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ഐ.ടി.ബി.പി) സഹായത്തിനായുണ്ട്. രക്ഷാപ്രവർത്തനത്തിൽ പ്രദേശവാസികളും സഹകരിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

അപകടത്തിൻ്റെ വീഡിയോ കാണാം

 

Share
error: Content is protected !!