ജിദ്ദ വിമാനത്താവളത്തിലേക്കുള്ള അതിവേഗ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും
ജിദ്ദ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചുമുള്ള അതിവേഗ ബസ് സർവീസുകൾ നാളെ (10-ഏപ്രിൽ) മുതൽ ആരംഭിക്കും. ജിദ്ദ എയർപോർട്ട് കമ്പനിയും സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ “സാപ്‌റ്റ്‌കോ”യുമായി സഹകരിച്ചാണ് ബസ് സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും മുഴു സമയങ്ങളിലും ബസ് സർവീസ് നടത്തും.
ബലദ് സാപ്റ്റ്ക്കോ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ബസ്, മദീന റോഡ് വഴി കിങ് അബ്ദുള്ള റോഡിൽ പ്രവേശിച്ച് അൽ അന്ദലുസ് മാളിന് മുമ്പിലൂടെ പ്രിൻസ് മാജിദ് (സബ്ഈൻ) റോഡിൽ പ്രവേശിച്ച് നേരെ വിമാനത്താവളത്തിലേക്ക് പോവും. ഇതേ വഴി തന്നെയാണ് എയർപോർട്ടിൽ നിന്ന് തിരിച്ച് ബലദിലേക്കും സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (പുതിയ വിമാനത്താവളം) ഡിപ്പാർച്ചർ, അറൈവൽ ഏരിയകളിൽ ബസുകൾക്ക് പ്രത്യേക പാർക്കിങ് അനുവദിക്കുമെന്നും, ബസ് സ്റ്റോപ്പ് സൈറ്റുകൾക്ക് മുന്നിൽ വെയിറ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കുമെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി അറിയിച്ചു.
ബലദ് സാപ്റ്റിക്കോ ബസ് സ്റ്റേഷൻ, മദീന റോഡിൽ ബഗ്ദാദിയ ഡിസ്ട്രിക്ട്, കിങ് അബ്ദുള്ള റോഡിൽ അൽ അന്ദലുസ് മാൾ, പ്രിൻസ് മാജിദ് റോഡിൽ ഫ്‌ളമിംഗോ മാൾ, ജിദ്ദ എയർപോർട്ട് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും. വിമാനത്താവളത്തിന്റെ ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ എവിടെയും ഇറങ്ങാവുന്നതാണ്.
15 റിയാലാണ് ടിക്കറ്റ് നിരക്ക്. 33 സീറ്റുകളുള്ള ബസുകളിൽ വികലാംഗർക്ക് പ്രത്യേകം സീറ്റുകളും ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമുണ്ട്. ബസ് സർവിസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള സെയിൽസ് പോയിന്റുകൾ വഴിയോ സാപ്റ്റ്ക്കോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ പണമടച്ച് ടിക്കറ്റ് വാങ്ങാവുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ