മദീനയിലെ ഖുബാ മസ്ജിദിൻ്റെ ശേഷി പത്തിരട്ടിയാക്കി ഉയർത്തും. വൻ വികസന പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി
മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ മുഹമ്മദ് നബിയുടെ ഒട്ടകം ആദ്യമായി മുട്ട് കുത്തിയ സ്ഥലത്ത് നിർമ്മിച്ച, ചരിത്ര പ്രാധാന്യമേറെയുള്ള പള്ളിയാണ് മദീനയിലെ ഖുബാ മസ്ജിദ്. പ്രവാചകന്റെ കാലശേഷം, റാഷിദി, ഉമയ്യദ്, അബ്ബാസിയ്യ കാലഘട്ടങ്ങളിൽ തുടങ്ങി, അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സഊദ് രാജാവിന്റെ കാലഘട്ടത്തിലും അതിന് ശേഷം വന്ന മറ്റു ഭരണാധികാരികളുടെ കാലഘട്ടങ്ങളിലും പല സന്ദർഭങ്ങളിലായി വിപുലീകരിച്ചാണ് ഖുബാ മസ്ജിദ് ഇന്നത്തെ അവസ്ഥയിലെത്തിയത്. എന്നാൽ ഖുബാ പള്ളിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചത്.
ഇരുഹറമുകളുടെ രക്ഷാധികാരിയും സൌദി ഭരണാധികാരിയുമായ സൽമാൻ രാജാവിൻ്റെ പേരിലുള്ള വികസ പദ്ധതിയിൽ, മസ്ജിദിൻ്റെ വികസനത്തോടൊപ്പം പരിസപ്രദേശത്തിൻ്റെ വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കിരീടാവകശിയുടെ മദീന സന്ദർശന വേളയിലാണ് ഖുബാ പള്ളിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചത്. 5,035 ചതുരശ്രമീറ്ററാണ് നിലവിൽ ഖുബാ പള്ളിയിടെ വിസ്തീർണ്ണം. ഇത് പത്തിരട്ടിയാക്കി ഉയർത്തി 55,000 ചതുരശ്രമീറ്ററാക്കി വർധിപ്പിക്കുവാനാണ് പുതിയ വികസന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ ഒരേ സമയം 66,000 വിശ്വാസികളെ ഉൾക്കൊള്ളാനാകും വിധം ഖുബാ പള്ളിയുടെ ശേഷി ഉയരും.
മുഹമ്മദ് നബി മദീനയിൽ ആദ്യമായി കാൽകുത്തിയ സ്ഥാനത്ത് അദ്ദേഹം തന്നെ നേതൃത്വം നൽകി നിർമിച്ച പള്ളിയാണ് മസ്ജിദ് ഖുബാ. മുഹമ്മദ് നബി മരണം വരെ മസ്ജിദ് ഖുബാ സന്ദർശനം നടത്തിയിരുന്നു. മസ്ജിദു ഖുബായിൽ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന നബി വചനം അടിസ്ഥാനമാക്കി നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മുഹമ്മദ് നബിയുടെ കാലശേഷം മറ്റു സ്വഹാബിമാർ ഈ പള്ളി സന്ദർശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നുവെന്നും ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സീസണുകളിലും മറ്റും ഏറ്റവുമധികം വിശ്വാസികളെ ഉൾക്കൊള്ളാനും മതപരമായ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഖുബാ സെൻ്ററിൻ്റെ ചരിത്രപരമായ സവിശേഷതകൾ രേഖപ്പെടുത്താനും നഗര, വാസ്തുവിദ്യാ ശൈലി സംരക്ഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിശദീകരിച്ചു. പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യം വെച്ച് നടപ്പിലാക്കി വരുന്ന വിഷൻ 2030 ന്റെ ഭാഗമായാണ് ഖുബാ വികസന പദ്ധതിയും. ചരിത്രപരമായ സ്ഥലങ്ങളിൽ ഉടനീളമുള്ള നിരവധി കിണറുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 57 കേന്ദ്രങ്ങളും മൂന്ന് പ്രവാചക പാതകളെ ബന്ധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ചരിത്രപരമായ സ്ഥലങ്ങളുടെ വികസനവും പുനരുജ്ജീവനവും പുതിയ പദ്ധതിയിൽ ഉൾപ്പെടും.
മതപരവും സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യത്തോടൊപ്പം വിനോദസഞ്ചാരവും പ്രതിഫലിപ്പിക്കുന്ന ഇസ്ലാമിക വാസ്തുവിദ്യയുടെ നാഗരികതകളും ഉൾകൊള്ളിച്ചുകൊണ്ടാണ് പുതിയ വികസന പദ്ധതി. കൂടാതെ സന്ദർശകരുടെ വൈകാരിക അനുഭവം സമ്പന്നമാക്കുന്നതിന് പ്രാദേശികതലത്തിലും ആഗോള തലത്തിലും സന്ദർശകർക്ക് ആവശ്യമായ സേവനങ്ങളും നൽകും.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോ കാണാം
#فيديو| سمو #ولي_العهد يزور #مسجد_قباء ويؤدي ركعتي تحية المسجد.#ولي_العهد_في_المدينة_المنورة#واس pic.twitter.com/EAGGo4ipJX
— واس الأخبار الملكية (@spagov) April 8, 2022