ഖത്തർ ലോകകപ്പ് കാണാനെത്തുന്നവർക്കുള്ള താമസസൗകര്യം സജ്ജമായി. ആറായിരം രൂപ മുതൽ റൂമുകൾ ബുക്ക് ചെയ്യാം

ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനെത്തുന്നവർക്കുള്ള താമസസൗകര്യങ്ങൾ സജ്ജമായി. 1,30,000 റൂമുകളാണ് ഫുട്ബോൾ പ്രേമികൾക്കായി ഖത്തർ ഒരുക്കിയിരിക്കുന്നത്.

ലോകകപ്പ് സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും നേരത്തെ സജ്ജമാക്കിയത് പോലെ തന്നെ ആരാധകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും വളരെ മുന്നിലാണ് ഖത്തർ.

ഹോട്ടലുകളിൽ മാത്രമല്ല താമസ സൌകര്യമൊരുക്കിയത്. ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലുൾപ്പെടെയാണ് ഒരു ലക്ഷത്തി മുപ്പതിനായിരം റൂമുകൾ തയ്യാറാക്കിയതെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പ് സമയത്ത് ചുരുങ്ങിയത് 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവരെല്ലാം ഒരുമാസം മുഴുവൻ ഖത്തറിൽ തങ്ങണമെന്നില്ല. ലോകകപ്പ് മത്സരം കാണാനെത്തുന്നവർക്ക് ഇപ്പോൾ തന്നെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.

എല്ലാവർക്കും താങ്ങാവുന്ന തരത്തിലുള്ള ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. പ്രതിദിനം 80 ഡോളർ ഏതാണ്ട് 6,000 ഇന്ത്യൻ രൂപ മുതൽ റൂമുകൾ ലഭിക്കും. ആഡംബര കപ്പലുകളിൽ മാത്രം നാലായിരം പേർക്ക് താമസ സൗകര്യമുണ്ട്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!