കേരളത്തിൽ അതിതീവ്ര മഴക്കും കാറ്റിനും സാധ്യത; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത്  ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  24 മണിക്കൂറിൽ 115.5 മില്ലീമീറ്റർ മുതല്‍ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നതുകൊണ്ടു അർഥമാക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലാണ് നിലവിൽ ഓറഞ്ച് അല‌ർട്ടുള്ളത്. അടുത്ത മണിക്കൂറുകളിൽ  കേരളത്തിൽ എല്ലാ  ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ  വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച്, മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാൻ തയാറാകണം.

കേരള തീരത്ത് വെള്ളിയാഴ്ച മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 30-40 കിലോമീറ്ററും, ചിലപ്പോള്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തില്‍ നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഈ വിവരം അറിയിക്കുവാനും കേരള തീരത്തുനിന്നും അകന്ന് കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതമെന്ന് അറിയിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

കേരള തീരത്തുനിന്ന് ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!