പെരുന്നാളിന് ഒമ്പത് ദിവസം അവധി. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്
ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒമ്പത് ദിവസം വരെ അവധി ലഭിക്കുവാൻ സാധ്യത. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം റമദാൻ വ്രതം ആരംഭിച്ചത് ഏപ്രിൽ 2ന് ശനിയാഴ്ചയാണ്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ഏപ്രിൽ മാസത്തിലെ പ്രവൃത്തി ദിവസം പല ഗൾഫ് രാജ്യങ്ങളിലും ഏപ്രിൽ 28 ന് വ്യാഴാഴ്ച (റദമാൻ 27) അവസാനിക്കും. തൊട്ടടുത്ത ദിവസങ്ങളായ ഏപ്രിൽ 29 ഉം 30ഉം സാധാരണ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയഴ്ചയും, ശനിയാഴ്ചയുമായതിനാൽ അന്ന് ജോലിക്ക് ഹാജരാകേണ്ടതില്ല. പിന്നീട് വരുന്ന ഏപ്രിൽ 1 മുതൽ 4 വരെ പെരുന്നാൾ അവധിയായും പ്രഖ്യപിച്ചിട്ടുണ്ട്.
പെരുന്നാൾ അവധി കഴിഞ്ഞ് വരുന്ന വ്യാഴാഴ്ച പ്രവൃത്തി ദിവസമാണെങ്കിലും, പിറ്റേ ദിവസം മുതലുള്ള വെള്ളിയും ശനിയും വീണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്. അതിനാൽ തന്നെ പെരുന്നാൾ അവധി കഴിഞ്ഞ് വരുന്ന വ്യാഴാഴ്ചയും പല സ്ഥാപനങ്ങളും തൊഴിലാളികൾക്ക് അവധി നൽകാൻ സാധ്യതയുണ്ട്.
സൌദിയിലും കുവൈത്തിലുമുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒമ്പതു ദിവസം ഒഴിവുലഭിക്കാനാണ് സാധ്യത. ഈവർഷം റമദാൻ 30 തികക്കുമെന്നും മേയ് രണ്ടു തിങ്കളാഴ്ചയാകും പെരുന്നാൾ എന്നുമാണ് ഗോളശാസ്ത്ര വിദഗ്ധരുടെ നിരീക്ഷണം. ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ ഒഴിവ് ആരംഭിക്കും. മേയ് ഒന്ന്, രണ്ട്, മൂന്ന്, നാല് ഞായർ മുതൽ ബുധൻ വരെ പെരുന്നാൾ അവധിയാകും. അടുത്ത വാരാന്ത അവധിക്ക് മുമ്പ് വരുന്ന വ്യാഴാഴ്ച വിശ്രമദിനമായി പ്രഖ്യാപിക്കുകയും ചെയ്താൽ ഫലത്തിൽ ഒമ്പതുദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കും.
എന്നാൽ യു.എ.ഇ യിൽ വാരാന്ത്യ അവധി ദിനങ്ങൾ മാറിയതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ് വരാനിരിക്കുന്നത്. എങ്കിലും യു.എ.ഇ യിലും ഒമ്പദ് ദിവസം പെരുന്നാൾ അവധി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
വിമാന യാത്രാ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഹ്രസ്വ അവധിക്ക് ധാരാളം പ്രവാസികൾ നാട്ടിൽപോയേക്കും. സ്വദേശികളും ധാരാളമായി വിദേശത്തുപോകും. വിമാന ടിക്കറ്റ് നിരക്ക് ഈ ഘട്ടത്തിൽ കുത്തനെ ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. എങ്കിലും കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ നിന്നും മോചനം ലഭിച്ച ശേഷമുള്ള ആദ്യ പെരുന്നാളിന് പ്രവാസികളിൽ പലരം ഹ്രസ്വ അവധിക്ക് നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടപ്പിലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ