ഗൾഫിലെത്തിയ നവവധു, വാക്ക് തർക്കത്തിനിടെ ഭർതൃ മാതാവിനെ പിടിച്ചുതള്ളി. തല ഭിത്തിയിലിടിച്ച് മാതാവ് മരിച്ചു
അബൂദബി: നവ വധുവിന്റെ അടിയേറ്റ് ഭർത്താവിൻ്റെ മാതാവ് മരിച്ചു. യുഎഇ-സൗദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് ആണ് മരിച്ചത്. 63 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ, ഷജന മാതാവിനെ പിടിച്ച് തള്ളി. തള്ളലിൽ ഭിത്തിയിൽ തലയിടിച്ച് ഉടൻ മരിക്കുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ഭാര്യേയും മാതാവിനേയും സഞ്ജു ജോലി സ്ഥലത്തേക്ക് കൊണ്ട് വന്നത്. കോട്ടയം പൊൻകുന്നം സ്വദേശിനിയാണ് ഷജന. ഓൺലൈനിലൂടെയായിരുന്നു ഇവരുടെ വിവാഹം.
ഇവിടെ എത്തിയതിന് ശേഷമാണ് സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു. തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും അക്രമിക്കുകയുമായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപൊയി. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സഞ്ജു പറഞ്ഞു. ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ