വിമാനം നേരത്തെ പുറപ്പെട്ടു. കരിപ്പൂരിൽ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പതിവിലും നേരത്തെ രാവിലെ തന്നെ പുറപ്പെട്ടു. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ക്ഷുഭിതരായി. ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് സമയത്തിലും നേരത്തെ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിന് പുറപ്പെട്ടതോടെ നിരവധി പേരുടെ യാത്ര മുടങ്ങി.

വിമാനം നേരത്തെ പോയത് അറിയാതെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് രാവിലെ പുറപ്പെട്ടുവെന്ന കാര്യം അറിയുന്നത്. വിമാനം നേരത്തെ പോകുമെന്ന കാര്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ യാത്രക്കാർ വിശദീകരണം ചോദിച്ചെങ്കിലും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. ഇതോടെ യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. ഏറെ നേരത്തെ ബഹളങ്ങൾക്കൊടുവിൽ യാത്രക്കാരുടെ ടിക്കറ്റുകളുടെ കാലാവധി തിങ്കളാഴ്ചത്തേക്ക് നീട്ടി നൽകി.

വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം ശനിയാഴ്ച രാത്രി 11ന് യാത്രക്കാർക്ക് ഇ-മെയിൽ വഴി അറിയിച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിമാനം നേരത്തേ പുറപ്പെടുന്ന കാര്യം യാത്രക്കാരെ നേരിട്ട് വിളിച്ച് അറിയിക്കാത്തതാണ് നിരവധി പേരുടെ യാത്ര മുടങ്ങാൻ കാരണമായത്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!