പെർമിറ്റെടുക്കാതെ ഉംറക്കെത്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തും
മക്ക: പെർമിറ്റെടുക്കാതെ ഉംറ നിർവഹിക്കുന്നതിനായി ഹറം പള്ളിയിലേക്ക് വരരരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. റമദാൻ ആരംഭിച്ചതോടെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് ആവർത്തിക്കുന്നത്.
പെർമിറ്റെടുക്കാതെ ഉംറക്കെത്തി പിടിക്കപ്പെട്ടാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. തീർഥാടകരുടെ ഉംറ പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതിയിലും സമയത്തും മാത്രമേ ഉംറക്കെത്താൻ പാടുള്ളൂ. ഇതിൽ വ്യത്യാസമുണ്ടായാലും നിയമലംഘനമായി കണക്കാക്കും. കൂടാതെ തീർഥാടകകൻ്റെ പാസ്പോർട്ട് നമ്പർ, ഇഖാമ നമ്പർ, ബോർഡർ നമ്പർ എന്നീ വിവരങ്ങളും ശരിയാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും. അതിനാൽ മറ്റൊരാളുടെ പെർമിറ്റുമായി ഉംറ ചെയ്യാനെത്തുന്നതും ശിക്ഷാർഹമാണെന്ന് സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ ഇപ്പോഴും ലഭ്യമാണ്.
ഹറം പള്ളിയൂടെ താഴത്തെ നിലയിലേക്കും, മതാഫിലേക്കും ഉംറ തീർഥാടകർക്ക് മാത്രമേ റമദാനിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഹറം പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ, മറ്റ് ആരാധനകളിൽ ഏർപ്പെടുന്നതിനോ പെർമിറ്റ് ആവശ്യമില്ല. ഉംറയെല്ലാത്ത മറ്റെല്ലാ ആരാധനകൾക്കും പ്രാർത്ഥനകൾക്കും എപ്പോൾ വേണമെങ്കിലും വിശ്വാസികൾക്ക് പെർമിറ്റില്ലാതെ തന്നെ വരാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ