മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം മുഖ്യപ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

മഞ്ചേരി നഗരസഭ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (52) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു. രണ്ടുപേര്‍ നേരത്തേ പിടിയിലായി. പാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

മാർച്ച് 29ന് രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലായിരുന്നു സംഭവം. കാറിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീൽ. വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു പേർ ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും, നെറ്റിയിലും മുറിവേറ്റ അബ്‌ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട നാലുപേരാണ് തമിഴ്നാട്ടിലെത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഒന്നാംപ്രതി ഷുഹൈബിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇയാൾ ട്രെയിൻ മാർഗ്ഗമാണ് തമിഴ് നാട്ടിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം. മറ്റു രണ്ട് പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് കൗൺസിലറുടെ തലക്കടിച്ചത്. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് സംഭവസ്ഥലത്ത് എത്തിയത്. ഇതിൽ ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!