യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കുള്ള പിസിആർ പരിശോധന ഒഴിവാക്കി. പ്രവാസികൾക്ക് ആശ്വാസം
ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവർ യാത്രക്ക് മുൻപ് എടുക്കേണ്ടിയിരുന്ന പി.സി.ആർ പരിശോധന ഒഴിവാക്കി. വാക്സിനെടുത്തവർക്കാണ് ഇളവ്. നേരത്തെ ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവർക്കും ഇനി മുതൽ പി.സി.ആർ പരിശോധന ഫലം ആവശ്യമില്ല.
പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർസുവിധയിൽ അപ്ലോഡ് ചെയ്യണം. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം. അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കുമൊടുവിലാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആർടി പിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ 99 രാജ്യങ്ങളാണ് ഇപ്പോൾ പിസിആർ പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
യാത്രക്കാർക്കുള്ള മറ്റ് മാർഗനിർദ്ദേശങ്ങൾ
1. കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലില്‍ അപ്ലോഡ് ചെയ്യണം.
2. പരിശോധന ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം എയർ സുവിധയില്‍ അപ്ലോഡ് ചെയ്യണം.
3. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 14 ദിവസം മുന്‍പ് വരയുളള മറ്റ് യാത്ര വിവരങ്ങള്‍ ഉള്‍പ്പടെയുളള ആരോഗ്യസാക്ഷ്യപത്രവും നല്‍കണം.
4.നിബന്ധനകള്‍ പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയർ ഇന്ത്യയുടെ അറിയിപ്പ് വ്യക്തമാക്കുന്നു.
5. യാത്രാക്കാർക്ക് ശരീര താപനില പരിശോധനയുണ്ടാകും. അസുഖബാധിതരാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിക്കണം.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ