റഷ്യ-യുക്രൈൻ യുദ്ധം: ഗൾഫ് പ്രവാസികളേയും ബാധിക്കും

റഷ്യ-യുക്രൈൻ യുദ്ധം ഗൾഫ് പ്രവാസികളെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ധനവില ഉയരുന്നത് വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാക്കുമെന്നാണ് ട്രാവൽ ആന്റ് ടൂറിസം രംഗത്തുള്ളവരുടെ വിലയിരുത്തൽ. എണ്ണയുടെ കരുതൽ ശേഖരം വിപണിയിലറക്കി വർധിച്ച വില കുറച്ച് കൊണ്ടുവരുവാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നീക്കമാരംഭിച്ചു. മറ്റു രാജ്യങ്ങളെപോലെ ഗൾഫിലും രൂപപ്പെട്ടിരുന്ന ഒമിക്രോൺ വ്യാപനം കുറഞ്ഞ് തുടങ്ങിയതായിരുന്നു. ഇതിനെ തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുവാനായി നടപടി സ്വീകരിച്ചുവരികയാണ്് ഗൾഫ് രാജ്യങ്ങളും. ട്രാവൽ ടൂറിസം മേഖലയിൽ വലിയ ഉണർവ്വ് തന്നെയാണ് ഇതിലൂടെ പ്രതീക്ഷിച്ചിരുന്നത്. നിയന്ത്രണങ്ങൾ ലഘൂകരിച്ച് തുടങ്ങിയതോട വിമാന യാത്രക്കാരുടെ എണ്ണവും വർധിച്ച് തുടങ്ങിയിരുന്നു. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധം വീണ്ടും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

യുദ്ധം ആരംഭിച്ചതോടെ ഇന്ധന വിലയിൽ ദിനംപ്രതി വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇത് ലോക രാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. യുദ്ധം ഇനിയും തുടർന്നാൽ ഇന്ധന വില ഇനിയും ഉയരും. ഇത് വിമാനയാത്രക്കും ചരക്ക് വിമാന ഗതാഗതത്തിനും ചിലവ് കൂട്ടാൻ കാരണമാകും. ലോകത്തുടനീളം വിമാനയാത്ര നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യോമയാന വിദഗ്ധരും ട്രാവൽ ആന്റ് ടൂറിസം മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നത്. യുദ്ധ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാര് ഇന്ന് യോഗം ചേരുന്നുണ്ട്. യുദ്ധം തുടർന്നാൽ ഊർജ്ജ ലഭ്യത ഉറപ്പുവരുത്താനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്യും. ഒപെക് നേതൃയോഗവും മാർച്ച് ആദ്യവാരത്തിലുണ്ടാകും. ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്കും ഇതിനോടകം മങ്ങലേറ്റിട്ടുണ്ട്്. യൂറോപ്യൻ നിന്നും മറ്റുമുള്ള ടൂറിസ്റ്റുകൾ യാത്ര മാറ്റിവെക്കുകയാണിപ്പോൾ. ഏഷ്യൻ മേഖലയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും കുറയും. റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ നീണ്ടുപോകുന്നതിൽ ആശങ്കയിലാണ് ലോക രാജ്യങ്ങൾ.

കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ട്രാവൽ ആന്റ് ടൂറിസം മേഖലയ കടുത്ത പ്രതിസന്ധിയിലൂടെയായിരുന്നു കടന്ന് പോയികൊണ്ടിരുന്നത്. അതിന്റെ കെടുതികളിൽ നിന്ന് തല ഉയർത്തി തുടങ്ങിയപ്പോഴേക്കും യുദ്ധം രൂപപ്പെട്ടത് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Share
error: Content is protected !!