ഗാർഹിക തൊഴിലാളികൾക്ക് പുതിയ തൊഴിൽ വ്യവസ്ഥകൾ. നിരവധി ആനൂകൂല്യങ്ങളും

റിയാദ്: സൌദി അറ്യേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ വ്യവസ്ഥകൾ, അവകാശങ്ങൾ, കടമകൾ എന്നിവയും മറ്റും വ്യവസ്ഥാപിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരു പുതിയ വ്യവസ്ഥകൾ പ്രഖ്യാപിക്കുവാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. മറ്റു തൊഴിൽ മേഖലയെപോലെ ഗാർഹിക തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഇതിനായി തൊഴിൽ കരാർ രൂപപ്പെടുത്തും.

തൊഴിൽ കരാറിൻ്റെ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള രീതികളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പര കടമകൾ എന്നിവയും പുതിയ വ്യവസ്ഥയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  മറ്റു തൊഴിലാളികളെ പോലെ ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങി ഗാർഹിക തൊഴിലാളികൾക്ക് നിരവധി ആനൂകൂല്യങ്ങൾ അനുവദിക്കുന്നതാണ് പുതിയ തൊഴിൽ വ്യവസ്ഥ. കൂടാതെ അധിക സമയം തൊഴിലെടുപ്പിക്കുന്നതും, മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കാൻ ഗാർഹിക തൊഴിലാളികളെ പ്രേരിപ്പിക്കുന്നതും, അധിക സമയത്തിന് നൽകേണ്ട വേതനത്തെ കുറിച്ചും, ഇൻഷൂറൻസിനെ കുറിച്ചും അധിക ജോലി സമയത്തെ സംബന്ധിച്ചും പുതിയ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

തൊഴിൽ തർക്കങ്ങളുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട രീതി, തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലാളിക്കും തൊഴിലുടമക്കും അനുവാദമുള്ള സാഹചര്യങ്ങൾ, തൊഴിലാളികളുടെ തൊഴിലും വേതനവും തുടങ്ങി സർവ്വ മേഖലകളും ഉൾപ്പെടുന്നതാണ് പുതിയ തൊഴിൽ വ്യവസ്ഥകൾ.

മാസങ്ങൾക്ക് മുമ്പ് സൌദിയിലെ തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര മാനദണ്ധങ്ങൾക്കനുസൃതമായി മാറ്റം വരുത്തിയിരുന്നു. എന്നാൽ അന്ന് ഗാർഹിക തൊഴിലാളികളുടെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നില്ല.

 

തൊഴിൽ കരാറിന്റെ നിബന്ധനകളും കരാർ റദ്ദാക്കലും

ഗാർഹിക തൊഴിലാളിയും തൊഴിലുടമയും തമ്മിൽ രേഖാമൂലമുള്ള തൊഴിൽ കരാർ തയ്യാറാക്കണം. കൂടാതെ ഈ കരാർ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമിൽ  രജിസ്റ്റർ ചെയ്യുകയും വേണം.

കരാർ തയ്യാറാക്കി വിവർത്തന ചെയ്ത ശേഷം മൂന്ന് പകർപ്പുകൾ എടുക്കുകയും ഓരോ പകർപ്പ് വീതം തൊഴിലുടമയും തൊഴിലാളിയും സൂക്ഷിക്കണം. മൂന്നാമത്തെ പകർപ്പ്
മന്ത്രാലയം അംഗീകരിച്ച രീതിയനുസരിച്ച് സിവിൽ റിക്രൂട്ട്മെന്റ് ഓഫീസിൽ സമർപ്പിക്കണം.

ഗാർഹിക തൊഴിലാളി നിർവഹിക്കാൻ ബാധ്യസ്ഥനായ ജോലിയുടെ തരം, വേതനം എന്നിവ വ്യക്തമാക്കുന്ന, കരാറിൽ വ്യവസ്ഥകൾക്ക്  വിരുദ്ധമല്ലാത്ത രീതിയിൽ ഇരു കക്ഷികളും അംഗീകരിച്ച വ്യവസ്ഥകൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

വീട്ടുജോലിക്കാരന് വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. കൂടാതെ പ്രൊബേഷണറി (നിരീക്ഷണ) കാലയളവ്, കരാറിന്റെ കാലാവധി, കരാർ പുതുക്കേണ്ട രീതി, അധിക ജോലി സമയങ്ങളുടെ ക്രമീകരണം തുടങ്ങി ഇരു കക്ഷികളുടെയും അവകാശങ്ങളും കടമകളും കരാറിലുണ്ടാകും.

കരാറിൽ ഉൾപ്പെട്ടിട്ടില്ലാത ജോലികൾ തൊഴിലാളിയെ കൊണ്ട് ചെയ്യിക്കുന്നത് സംബന്ധിച്ചും പുതിയ  വ്യവസ്ഥയിൽ വ്യക്തമാക്കണം.

90 ദിവസം വരെയാണ് ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷനറി കാലം (നീരീക്ഷണ കാലം). ഈ കാലയളവിനുള്ളിൽ തൊഴിലാളിക്കോ, തൊഴിലുടമക്കോ കരാർ അവസാനിപ്പിക്കാൻ അവകാശമുണ്ടാകും. ഒരേ തൊഴിലുടമ ഒരു തൊഴിലാളിയെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ സ്വമേധയാ ഒന്നിലധികം തവണ പ്രൊബേഷനിൽ ഉൾപ്പെടുത്തുവാൻ പാടുള്ളതല്ല.

ആഴ്ചതോറുമുള്ള വിശ്രമം, വാർഷിക അവധി, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവയും കരാറിൽ രേഖപ്പെടുത്തണം.

ഇരു കക്ഷികൾക്കും പരസ്പര ധാരണയിലൂടെ കരാർ അവസാനിപ്പിക്കാവുന്നതാണ്. കൂടാതെ തൊഴിലാളിക്കും, തൊഴിലുടമക്കും നിയമപരമായ കാരണങ്ങളുണ്ടെങ്കിലും തൊഴിൽ കരാർ അവസാനിപ്പിക്കാം. അതുമല്ലെങ്കിൽ ഇരു കക്ഷികളിൽ ആരെങ്കിലും ഒരാൾ മരിച്ചാലും  കരാർ അവസാനിക്കും


അനുവാദമില്ലാത്തവ പ്രത്യേകം ശ്രദ്ധിക്കുക.

21 വയസ്സിന് താഴെയുള്ള ആളെ വീട്ടുജോലിക്ക് നിയോഗിക്കുന്നത് പുതിയ വ്യവസ്ഥ വിലക്കുന്നുണ്ട്. കൂടാതെ തൊഴിലുടമ ഒരു വീട്ടുജോലിക്കാരനെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ അല്ലെങ്കിൽ ജോലി കരാറിലും റസിഡൻസ് പെർമിറ്റിലും എഴുതിയിട്ടുള്ള തൊഴിൽ ഒഴികെയുള്ള ജോലിക്കും പ്രേരിപ്പിക്കുന്നതും അനുവദനീയമല്ല.

തൊഴിലാളിയുടെ കടമകൾ

വീട്ടുജോലിക്കാരൻ കരാറിൽ സമ്മതിച്ച ജോലി ചെയ്യാൻ ബാധ്യസ്ഥനാണ്. കൂടാതെ ജോലി സംബന്ധമായി തൊഴിലുടമയുടേയും അയാളുടെ കുടുംബാംഗങ്ങളുടെയും നിർദ്ദേശങ്ങൾ പാലിക്കുവാനും, അവരുടെ സ്വത്ത് സംരക്ഷിക്കുവാനും തൊഴിലാളിക്ക് ബാധ്യതയുണ്ട്. തൊഴിലുടമയേയോ കുടുംബാംഗങ്ങളെയോ ശാരീരികമായി ഉപദ്രവിക്കുവാനോ അക്രമാസക്തമായ പ്രവർത്തികളിൽ ഏർപ്പെടുവാനോ പാടുള്ളതല്ല.

തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലെ മറ്റു ആളുകളുടേയും രഹസ്യങ്ങൾ മറ്റുള്ളവരോട് പറയാൻ പാടില്ല.

നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്.

തൊഴിലാളി തൊഴിൽ കരാറിലും താമസ രേഖയിലും രേഖപ്പെടുത്തിയതല്ലാതെ, സ്വന്തത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ മറ്റൊരു ജോലി ചെയ്യാൻ പാടില്ല.

തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിനെ ബാധിക്കുംവിധം അവരുടെ കാര്യങ്ങളിൽ ഇടപെടുവാനോ, കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിൽ ഏർപ്പെടുവാനോ പാടില്ല.

ഇസ്‌ലാമിക മൂല്യങ്ങൾ മാനിക്കുവാനും, രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളും സഊദി സമൂഹത്തിന്റെ ആചാരങ്ങളും അതിന്റെ പാരമ്പര്യങ്ങളും പാലിക്കുവാനും തൊഴിലാളി തയ്യാറാകണം.

തൊഴിലാളിയുടെ അവകാശങ്ങൾ

തൊഴിലുടമയും തൊഴിലാളിയും അംഗീകരിക്കുന്ന കരാർ പ്രകാരം ഗാർഹിക തൊഴിലാളിക്ക് ആഴ്ചതോറുമുള്ള വിശ്രമത്തിന് അർഹതയുണ്ടാകും.

നിയമപരമായി അനുവദിക്കുന്ന സാഹചര്യത്തിലല്ലാതെ തൊഴിലാളിയുടെ വേതനത്തിൽ നിന്ന് കുറവ് വരുത്താൻ തൊഴിലുടമക്ക് അനുവാദമില്ല. അത്തരം ഘട്ടങ്ങളിൽ തന്നെ തൊഴിലാളിയുടെ വേതനത്തിന്റെ പകുതിയിലധികം കുറക്കാനും പാടില്ല.

രണ്ട് വർഷം കഴിഞ്ഞ് വീട്ടുജോലിക്കാരന് ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിക്ക് അർഹതയുണ്ടെന്നും അദ്ദേഹം അത് സമാനമായ കാലയളവിൽ പുതുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതും അനുവദിക്കണം. ഇല്ലെങ്കിൽ അതിന് പകരമായി നഷ്ടപരിഹാരം നൽകാനുള്ള അവകാശമുണ്ടെന്നും റെഗുലേഷൻ കൂട്ടിച്ചേർത്തു.

തൊഴിലുടമയുടെ സേവനത്തിൽ തുടർച്ചയായി നാല് വർഷം പൂർത്തിയാക്കിയാൽ, ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ വേതനത്തിന് അർഹതയുണ്ട്.

തൊഴിലുടമയുടെ ബാധ്യതകൾ

ഗാർഹിക തൊഴിലാളിയെ സ്വന്തം ആവശ്യങ്ങൾക്കോ, മറ്റുള്ളവർക്ക് വേണ്ടിയോജോലി ചെയ്യാൻ അനുവദിക്കാൻ പാടില്ല.

വീട്ടുജോലിക്കാരൻ്റെ വേതനം ബാങ്ക് അകൗണ്ട് വഴി നൽകേണ്ടതാണ്.

തൊഴിലാളി മറ്റൊരു അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടാൽ അങ്ങനെയും ചെയ്തു കൊടുക്കാം.

ഏത് വിധേനയും തൊഴിലാളിക്ക് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊണ്ട് വേതനവും അതിന്റെ കുടിശ്ശികയും നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

നിറം, ലിംഗഭേദം, പ്രായം, ദേശീയ ഉത്ഭവം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അടിമത്തമോ മുൻഗണനയോ ഉൾപ്പെടുന്ന യാതൊരുവിധ പ്രവൃത്തിയും തൊഴിലുടമയിൽ നിന്നുണ്ടാകാൻ പാടില്ല.

ഗാർഹിക തൊഴിലാളിയുടെ പാസ്‌പോർട്ടോ അദ്ദേഹത്തിന്റെ ഏതെങ്കിലും സ്വകാര്യ രേഖകളോ തിരിച്ചറിയൽ പേപ്പറോ സ്പോണ്സർ കൈവശം വെക്കുവാനോ സൂക്ഷിക്കുവാനോ പാടില്ല.

വീട്ടുജോലിക്കാരന്റെ മൃതദേഹം തിരികെ നൽകാൻ തൊഴിലുടമ ബാധ്യസ്ഥാനണ്.

തൊഴിലാളിയുടെ കുടുംബവുമായും അവന്റെ എംബസിയുമായും റിക്രൂട്ട്‌മെന്റ് ഓഫീസുമായും യോഗ്യതയുള്ള അധികാരികളുമായും ആശയവിനിമയം നടത്തി ഇക്കാര്യങ്ങൾ ചെയ്യണം.

തൊഴിൽ കരാർ കാലാവധി അവസാനിച്ചാൽ, കരാർ പുതുക്കാൻ തൊഴിലാളി ആഗ്രഹിക്കുന്നില്ലെങ്കിൽ അയാൾക്ക്  ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

തൊഴിലാളിയുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന യാതൊരു തൊഴിലും ചെയ്യാൻ പ്രേരിപ്പിക്കരുത്.

തൊഴിലാളിയുടെ ശാരീരിക സുരക്ഷക്കും, മാനുഷിക അന്തസ്സിനേയും ബാധിക്കുന്ന കാര്യങ്ങളിൽ നിർബന്ധിച്ച് ജോലി ചെയ്യിക്കാൻ പാടില്ല.

നിയമപരമായി അനുവദിക്കപ്പെട്ട സാഹചര്യത്തിലല്ലാതെ തൊഴിലാളി ജോലിക്ക് ഹാജരാകാതെവന്നാൽ, തൊഴിലാളിയുടെ അഭാവത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ തൊഴിലുടമ അറിയിക്കേണ്ടതാണ്.

ഈ വ്യവസ്ഥകൾ ലംഘിച്ചാൽ തൊഴിലുടമയും തൊഴിലാളിയും ശിക്ഷിക്കപ്പെടുമെന്നും പുതിയ ഗാർഹിക തൊഴിൽ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.

 

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!