വിമാനത്തിനമിറങ്ങുന്ന റൺവേയിൽ തീവണ്ടിയും. പേടിപ്പെടുത്തുന്ന കാഴ്ച

റൺവേയും റോഡും, റെയിലുമെല്ലാം ഒരുമിച്ച് ചേരുന്ന നിരവധി കാഴ്ചകൾ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. അതിൽ പെട്ട ഒന്നാണ് ഗിസ്‌ബോൺ എയർപോർട്ട്. അത്ഭുതപ്പെടുത്തുന്നതും പേടിപ്പിക്കുന്നതുമാണ് ഗിസ്ബോണിലെ കാഴ്ചകൾ.

ഗിസ്ബോൺ എയർപോർട്ടിലെത്തുന്ന ഓരോ യാത്രക്കാരനെയും ഒരേ സമയം അദ്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയുണ്ട്; വിമാനങ്ങള്‍ ഇറങ്ങുന്ന അതേ റണ്‍വേ ക്രോസ് ചെയ്ത് കൊണ്ട് തീവണ്ടിയും കടന്ന് പോകുന്ന കാഴ്ചയാണത്.

ന്യൂസിലാന്‍ഡിലെ നോർത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്തുള്ള ഗിസ്ബോൺ നഗരമധ്യത്തിൽ നിന്ന് 4.2 കിലോമീറ്റർ അകലെയായി, എൽജിൻ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക വിമാനത്താവളമാണ് ഗിസ്ബോൺ. രാജ്യത്തെ 62 അന്തർദേശീയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഏകദേശം 400 ഏക്കറിലാണ് എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്.

പാമർസ്റ്റൺ നോർത്ത്-ഗിസ്ബോൺ ലൈൻ എന്ന റെയിൽവേ ലൈനാണ് ഈ എയര്‍പോര്‍ട്ടിലെ പ്രധാന റൺവേ മുറിച്ചുകടക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ചുരുക്കം ചില വിമാനത്താവളങ്ങളിൽ ഒന്നാണ് ഗിസ്ബോണ്‍.

വെറും കാഴ്ചയ്ക്ക് വേണ്ടിയുള്ളതല്ല ഈ ലൈന്‍. ഇതിലൂടെ ട്രെയിന്‍ ഓടാറുണ്ട്. ലാന്‍ഡ്‌ ചെയ്യുന്ന വിമാനത്തിനു തൊട്ടടുത്തു കൂടി ട്രെയിന്‍ ചൂളം വിളിച്ച് കടന്നു പോകും. വളരെ നന്നായി നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ടാണിത്. എന്നാൽ, എപ്പോഴെങ്കിലും വിമാനവും ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാലോ എന്ന ചിന്ത മാത്രം മതി, പരിചയസമ്പന്നരായ യാത്രക്കാരെപ്പോലും പരിഭ്രാന്തരാക്കാൻ.

4297 അടി നീളമുള്ള പ്രധാന റൺവേ കൂടാതെ, ലഘുവിമാനങ്ങൾക്കുള്ള മൂന്ന് ഗ്രാസ് റൺവേകളും വിമാനത്താവളത്തിലുണ്ട്. ഇപ്പോൾ, ഗിസ്ബോൺ എയർപോർട്ട് പ്രാദേശിക ഫ്ലൈറ്റുകൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. കാണുമ്പോള്‍ ഭീതിയുണര്‍ത്തുന്ന കാഴ്ചയാണെങ്കിലും പാമർസ്റ്റൺ നോർത്ത്-ഗിസ്ബോൺ ട്രെയിൻ ലൈൻ മൂലം ഇതുവരെ ഇവിടെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Share
error: Content is protected !!