സൂക്ഷിച്ചില്ലെങ്കിൽ പിടി വീഴും. നിങ്ങളുടെ 46 ഇടപാടുകൾ നിരീക്ഷണത്തിലാണ്

ഓരോ വ്യക്തിയുടെയും സാമ്പത്തികമായ 46 ഇടപാടുകൾ ആദായനികുതി വകുപ്പിൻ്റെ ശക്തമായ നിരീക്ഷണത്തിലാണ്. ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പിടി വീഴാൻ സാധ്യതയുണ്ട്. ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്ന സാമ്പത്തിക ഇടപാടുകൾ ഏതൊക്കെയെന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്.

ആദായനികുതി വകുപ്പ് പുതുതായി അവതരിപ്പിച്ച വാര്‍ഷിക വിവര പ്രസ്താവന (ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്) ആണ് എഐഎസ്. ഒരോ വ്യക്തിയും ഓരോ സാമ്പത്തികവര്‍ഷത്തിലും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര വിവരണമാണിത്. നിങ്ങളുടെ വിവിധ വരുമാനങ്ങൾ, നിക്ഷേപങ്ങൾ, ചെലവുകൾ  എന്നിവയെല്ലാം ഇതിൻ്റെ പരിധിയിൽ വരും.

എഐഎസില്‍ 46 സാമ്പത്തിക ഇടപാടുകളാണുള്ളത്. അതിലെ വരുമാനത്തിന് നികുതി കുറച്ചിട്ടുണ്ടോ ഇല്ലയോ എന്നത് ഇവിടെ പരിഗണിക്കില്ല. മറിച്ച് വിവിധ സ്രോതസ്സുകളില്‍നിന്ന് നിങ്ങൾക്കു ലഭിക്കുന്ന എല്ലാ വരുമാനത്തിന്റെയും വിശദാംശങ്ങള്‍ ഇതു നല്‍കും. ഒപ്പം, നിങ്ങള്‍ നടത്തുന്ന ഏതൊരു നിക്ഷേപവും എഐഎസിലുണ്ടാകും. ഇവ വിശകലനം ചെയ്ത്, നിങ്ങളുടെ ആസ്തിയും വരുമാനവും വിശകലനം ചെയ്യാനും തെറ്റായ എന്തെങ്കിലുമുണ്ടെങ്കിൽ നടപടികൾ വരാനും സാധ്യതയുണ്ട്.

ആദായ നികുതി വെബ്സൈറ്റ് പ്രകാരം എഐഎസില്‍ പ്രതിഫലിക്കുന്ന 46 സാമ്പത്തിക ഇടപാടുകള്‍ ഏതെല്ലാമെന്നറിയാം.

1. ശമ്പളം

നിങ്ങൾക്കു ലഭിക്കുന്ന ശമ്പളത്തുക, ഏതെങ്കിലും ഇനത്തിൽ കുറച്ചിട്ടുള്ള നികുതി (tax deducted) ഉള്‍പ്പെടെ. ഒഴിവാക്കപ്പെട്ട എല്ലാ അലവന്‍സുകളും ഉള്‍പ്പെടെയുള്ള മൊത്തശമ്പളം. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ തനിക്കു ബാധകമായ ഇളവുകളും കിഴിവുകളും വ്യക്തിക്കു ക്ലെയിം ചെയ്യേണ്ടതുണ്ട്.

2. വാടക 

വിവിധ സ്രോതസ്സുകളില്‍നിന്നു ലഭിക്കുന്ന വാടക. എല്ലാ വാടകക്കാരില്‍നിന്നും ലഭിക്കുന്ന വാടകത്തുക (ടിഐഎസ്) പ്രതിഫലിക്കും.

വാടക എങ്ങനെ അറിയും?– എച്ച്ആര്‍എ ഇളവ് ക്ലെയിം ചെയ്യാൻ നിങ്ങൾ പാന്‍ വാടകക്കാരന് നല്‍കുകയും വാടകക്കാരന്‍ തന്റെ തൊഴിലുടമയ്ക്ക് പാന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍.നിങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയോ അതില്‍ കൂടുതലോ വാടക ലഭിക്കുന്നുണ്ടെങ്കില്‍. ഭൂമി, കെട്ടിടം, യന്ത്രങ്ങള്‍ മുതലായവയില്‍നിന്ന് നിങ്ങൾക്കു വാടക ലഭിച്ചിട്ടുണ്ടെങ്കില്‍ (10% നിരക്കില്‍ ടിഡിഎസ് കുറച്ച്).

3. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ്

സേവിങ്സ് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും (എഫ്ഡി) ഒഴികെയുള്ള അക്കൗണ്ട് തുറക്കുന്നത്. ഉദാ. ആര്‍ഡി അക്കൗണ്ടുകള്‍ എഐഎസില്‍ കാണിക്കും. സാമ്പത്തികവര്‍ഷത്തിന്റെ അവസാനം 50,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉള്ള ബാങ്ക് അക്കൗണ്ടുകളും കാണിക്കും.

4. പണമായുള്ള നിക്ഷേപം 

കറന്റ് അക്കൗണ്ടുകളിലെ പണമായുള്ള നിക്ഷേപങ്ങള്‍. ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫിസ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും.

5. പണം പിന്‍വലിക്കല്‍

കറന്റ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത്. ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകളില്‍നിന്നുള്ള പിന്‍വലിക്കലുകൾ.

6. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്

സാമ്പത്തികവര്‍ഷത്തില്‍ നിങ്ങൾക്കു ലഭിച്ച ഏതൊരു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ.

7. ലാഭവിഹിതം

ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്നു ലഭിച്ച ലാഭവിഹിതം. കമ്പനികളും മ്യൂച്വല്‍ ഫണ്ട് ഹൗസുകളും കിഴിവു ചെയ്യുന്ന നികുതിയും കാണിക്കും.

8. സേവിങ്സ് അക്കൗണ്ട് പലിശ

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്നുള്ള പലിശ. സാമ്പത്തികവര്‍ഷത്തില്‍ നിങ്ങളുടെ എസ്ബി അക്കൗണ്ടില്‍ അടച്ചതോ ക്രെഡിറ്റ് ചെയ്തതോ കൂട്ടിച്ചേര്‍ത്തതോ ആയ പലിശകൾ എല്ലാം.

9. ടൈം ഡിപ്പോസിറ്റുകള്‍

ബാങ്ക്, എന്‍ബിഎഫ്സി, പോസ്റ്റ് ഓഫിസ് എന്നിവയിലെ ടൈം ഡിപ്പോസിറ്റ് (ബാങ്ക് സ്ഥിരനിക്ഷേപം പോലുള്ളവ) നിക്ഷേപങ്ങള്‍.

10. നിക്ഷേപങ്ങളിലെ പലിശ

ബാങ്ക്, പോസ്റ്റ് ഓഫിസ് സ്ഥിരനിക്ഷേപങ്ങള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍ അടക്കമുള്ളവയില്‍ നിന്നുള്ള പലിശ. എന്തെങ്കിലും നികുതി കുറച്ചിട്ടുണ്ടെങ്കില്‍, അതും പ്രതിഫലിക്കും.

11. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് വാങ്ങൽ 

ഓഹരി, ബോണ്ട്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ വാങ്ങുന്നത്.

12. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് വിൽപ്പന 

ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന മൂലധനനേട്ടം എഐഎസിൽ ഉണ്ടാകും. കൈവശം വയ്ക്കുന്ന കാലയളവിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചുള്ള വിവരങ്ങളാണിത്.

13. മറ്റ് സ്രോതസ്സുകളില്‍നിന്നുള്ള പലിശ

സേവിങ്‌സ് അക്കൗണ്ട്, ടേം ഡിപ്പോസിറ്റ്, ആർഡി എന്നിവയ്ക്കു പുറമേയുള്ള സ്രോതസ്സുകളില്‍നിന്നു ലഭിച്ച പലിശ വിവരങ്ങള്‍.

14. പണം കൊടുക്കല്‍ (cash payment)

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രൊക്കം കൊടുക്കുന്ന പണം. അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കറുടെ ചെക്കുകള്‍ സംബന്ധിച്ച കണക്കും പണമിടപാടുകളും ബുള്ളിയന്‍, ജ്വല്ലറി എന്നിവയിലെ പ്രീപെയ്ഡ് കണക്കുകൾ ഉൾപ്പെടെ എഐഎസില്‍ കാണും.

15. പിഎഫ് ബാലന്‍സ് പിന്‍വലിക്കല്‍

നിങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലെ പണം പിന്‍വലിച്ചാലോ സമാഹരിച്ച ബാലന്‍സ് തുക സ്വീകരിച്ചാലോ ആ തുക എഐഎസില്‍ പ്രതിഫലിക്കും.

16. ലൈഫ് പോളിസിയില്‍നിന്നുള്ള വരുമാനം

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍നിന്ന് ലഭിക്കുന്ന തുക എഐഎസില്‍ കാണിക്കും.

17. ദേശീയ സമ്പാദ്യപദ്ധതിയിലെ പിന്‍വലിക്കല്‍

പോസ്റ്റ് ഓഫിസ് സേവിങ്‌സ് സ്‌കീമിൽ (നാഷനല്‍ സേവിങ്‌സ് സ്‌കീം) നിന്ന് കാലാവധി പൂര്‍ത്തിയായിട്ടോ അല്ലാതെയോ നടത്തുന്ന പിന്‍വലിക്കലുകള്‍.

18. ആദായനികുതി റീഫണ്ട് പലിശ 

ആദായനികുതി വകുപ്പ് റീഫണ്ട് തുകയ്ക്ക് പ്രതിമാസം 0.5% എന്ന നിരക്കിൽ പലിശ നൽകും. അത്തരത്തിൽ റീഫണ്ട് ലഭിച്ചാല്‍ ആ കണക്കും കാണാം.

19. വിദേശ കറന്‍സി വാങ്ങൽ

ഓഹരി, ബോണ്ട്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനോ വിദേശത്ത് ബാങ്ക് അക്കൗണ്ട് തുറക്കാനോ തീർഥാടന യാത്ര, വൈദ്യചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കായോ വിദേശ കറന്‍സി വാങ്ങിയ കണക്കുകൾ.

20. വാടക പേയ്‌മെന്റുകള്‍

നിങ്ങള്‍ക്കു ലഭിച്ച വാടക മാത്രമല്ല, നിങ്ങള്‍ നല്‍കുന്ന വാടകകളും കാണിക്കും. പേയ്മെന്റ് നടത്തുന്ന സമയത്ത് നികുതി കുറച്ചിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തും. .

21. വിദേശ യാത്ര

വിദേശ ടൂര്‍ പാക്കേജ് വാങ്ങുന്നതും വിദേശ യാത്രയുമായി ബന്ധപ്പെട്ട് പണമടയ്ക്കുന്നതും സംബന്ധിച്ച കണക്കുകൾ.

22. സ്ഥാവര വസ്തുക്കളുടെ വാങ്ങല്‍ 

ഒരു സാമ്പത്തിക വര്‍ഷത്തില്‍, വീട്, ഭൂമി കെട്ടിടം തുടങ്ങിയ സ്ഥാവരവസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിൽ  അതിന്റെ കണക്കുകൾ.

23. സ്ഥാവര വസ്തുക്കളുടെ വിൽപന 

വീട് അടക്കമുള്ള സ്ഥാവരവസ്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക. 

24. വിദേശ പണമയയ്ക്കലുകള്‍ (foreign remittance)

പ്രവാസികള്‍ക്ക് റോയല്‍റ്റി അല്ലെങ്കില്‍ സാങ്കേതിക സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ഏതൊരു പേയ്മെന്റും  അതുപോലെ, വിദേശ ഷെയറുകള്‍ വിറ്റതുവഴി ലഭിക്കുന്ന പണം, വിദേശ ഓഹരികളില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം തുടങ്ങിയവയും ഉൾപ്പെടും.

25. പ്ലാന്റ്/യന്ത്ര വാടക

പ്ലാന്റില്‍നിന്നും മെഷിനറികളില്‍നിന്നും നിങ്ങള്‍ക്ക് വാടക ലഭിക്കുന്നതിന്റെ വിവരങ്ങള്‍.

26. ലോട്ടറി/ക്രോസ് വേഡ് പസിൽസ് 

ലോട്ടറി/ക്രോസ് വേഡ് പസിൽസ് എന്നിവയില്‍ ജയിക്കുമ്പോള്‍ ലഭിക്കുന്ന തുകയും ഇതിൽ കുറയ്ക്കുന്ന നികുതിയും. ലോട്ടറിയിലെ വിജയിക്കു പണം നല്‍കുമ്പോൾ പണമടയ്ക്കുന്നയാള്‍ നിശ്ചിത നിരക്കില്‍ നികുതി കുറയ്ക്കണം.

27. കുതിരപ്പന്തയത്തില്‍നിന്നു നേടിയ പണം

ലോട്ടറിയിലെ നേട്ടങ്ങള്‍ക്കു സമാനമായി കുതിരപ്പന്തയത്തില്‍നിന്നു നേടിയ വരുമാനത്തിന്റെ കണക്കുകൾ.

28. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ്ഫണ്ടിലെ പലിശ

ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ്ഫണ്ടിലെ നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന പലിശ.

29. പ്രവാസിക്കു ലഭിക്കുന്ന പലിശ

പ്രവാസിയെന്ന നിലയിൽ നിങ്ങൾക്കു നിയമപ്രകാരം നിർദിഷ്ട കമ്പനിയില്‍നിന്നു പലിശ ലഭിച്ചാൽ ആ തുക കാണിക്കും. പേയ്മെന്റ് സമയത്ത് നികുതി കുറച്ചിട്ടുണ്ടെങ്കില്‍ അതും പ്രതിഫലിക്കും.

30. ബോണ്ട്– സര്‍ക്കാര്‍ സെക്യൂരിറ്റി പലിശ

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നും/ ബോണ്ടുകളില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച പലിശയുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

31. പ്രവാസി യൂണിറ്റുകളുടെ വരുമാനം

സെക് ഷന്‍ 115A(1)(a)(iiab) പ്രകാരം ഇന്ത്യന്‍ കമ്പനിയില്‍നിന്ന് ഒരു പ്രവാസിക്കു ലഭിക്കുന്ന പലിശവരുമാനം കാണിക്കും. നികുതി കുറച്ചിട്ടുണ്ടെങ്കില്‍ അതും പ്രതിഫലിക്കും.

32. വിദേശ കറന്‍സി ബോണ്ടുകൾ, ഇന്ത്യന്‍ കമ്പനികളുടെ ഓഹരികൾ എന്നിവയിലെ വരുമാനവും ദീര്‍ഘകാല മൂലധന നേട്ടവും

പ്രവാസി എന്ന നിലയില്‍ ഒരു ഇന്ത്യന്‍ കമ്പനിയില്‍ നിന്നു ലഭിക്കുന്ന പലിശ, ഗ്ലോബല്‍ ഡിപ്പോസിറ്ററി രസീതുകളില്‍നിന്നു ലഭിക്കുന്ന ലാഭവിഹിതം എന്നിവ പ്രതിഫലിക്കും.

33. ഇൻഷുറന്‍സ് കമ്മിഷന്‍ 

ഇന്‍ഷുറന്‍സ് പോളിസി വിൽപനയില്‍നിന്നു ലഭിക്കുന്ന കമ്മിഷന്‍റെ കണക്ക്.

34. ലോട്ടറി വിൽപനയിലെ കമ്മിഷന്‍ 

ലോട്ടറി ടിക്കറ്റ് വിൽപനയില്‍നിന്നു ലഭിച്ച കമ്മിഷന്‍ തുക.

35. ഭൂമിയുടെയോ കെട്ടിടത്തിന്റെയോ വിൽപന 

ഭൂമി, കെട്ടിട വിൽപനയില്‍നിന്നു ലഭിക്കുന്ന തുകയുടെ കണക്ക്. ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന തുക ഫോം 26QB ല്‍ നിന്ന് എടുക്കുന്നതാണ്.സ്ഥാവരവസ്തുക്കള്‍ ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക. ഉദാ: ഏറ്റെടുത്ത ഭൂമിക്കോ കെട്ടിടത്തിനോ വ്യക്തിക്ക് സര്‍ക്കാരില്‍നിന്നുലഭിക്കുന്ന നഷ്ടപരിഹാരം.

36. സമ്മാനങ്ങളോ  മരണാനന്തരമോ  നൽകുന്നവയുടെ കണക്കുകൾ

(ഓഫ്-മാര്‍ക്കറ്റ് ഡെബിറ്റ് ഇടപാടുകള്‍

ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും സമ്മാനമായി നല്‍കുക, ആദ്യ ഉടമയുടെ മരണം മൂലം ആസ്തികൾ കൈമാറ്റം ചെയ്യുക എന്നിവ ഓഫ്-മാര്‍ക്കറ്റ് ഇടപാടുകളില്‍ ഉള്‍പ്പെടും. ഇത്തരം വിവരങ്ങൾ കാണിക്കും.

37. ഓഫ്-മാര്‍ക്കറ്റ് ക്രെഡിറ്റ് ഇടപാടുകള്‍

ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും സമ്മാനമായി കിട്ടുക, ഉടമയുടെ മരണം മൂലം ആസ്തികൾ കൈമാറ്റം ചെയ്തു കിട്ടുക എന്നിവ ഓഫ്-മാര്‍ക്കറ്റ് ക്രെഡിറ്റ് ഇടപാടുകളാണ്. ഓഫ്-മാര്‍ക്കറ്റ് ഡെബിറ്റ് ഇടപാടുകള്‍ക്ക് സമാനമായി, ഓഫ്-മാര്‍ക്കറ്റ് ക്രെഡിറ്റ് ഇടപാടുകളും എഐഎസില്‍ പ്രതിഫലിക്കും.

38. ബിസിനസ് വരുമാനങ്ങള്‍

ബിസിനസ് വരുമാനവുമായി ബന്ധപ്പെട്ട രസീതുകള്‍ കാണിക്കും. ഫോം 26Q ലെ കരാര്‍ പേയ്മെന്റുകളില്‍ നിന്നുള്ള രസീതുകള്‍, പ്രഫഷനല്‍–സാങ്കേതിക സേവനങ്ങള്‍ക്കുള്ള ഫീസ്, ഫോം 26QD ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റേതെങ്കിലും കമ്മിഷന്‍, ബ്രോക്കറേജ് എന്നിവയുടെ വിവരങ്ങള്‍.

39. ബിസിനസ് ചെലവുകള്‍

ബിസിനസ് നടത്തുന്നതിന് ആവശ്യമായി വരുന്ന എല്ലാ ചെലവുകളും എഐഎസില്‍ കാണിക്കും. മദ്യം വാങ്ങാൻ, വനം പാട്ടത്തിന് എടുക്കാൻ, മറ്റേതെങ്കിലും മാർഗത്തില്‍ തടി ലഭിക്കുന്നതിനുള്ള ചെലവ്, കമ്മിഷന്‍ അല്ലെങ്കില്‍ ബ്രോക്കറേജ്, പ്രഫഷനല്‍ സേവനങ്ങള്‍ക്കുള്ള പേയ്‌മെന്റ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

40. വിവിധ പേയ്മെന്റുകൾ (Miscellaneous payments)

കരാര്‍/ജോലിക്കായി നടത്തിയ പേയ്മെന്റ്, ബാങ്ക് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍ വാങ്ങല്‍, ഹോട്ടൽ പേയ്മെന്റ്, ലൈഫ് ഇൻഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് മുതലായവയാണ്  ഇതില്‍ ഉള്‍പ്പെടുക. പേയ്മെന്റ് സ്വീകരിക്കുന്ന സ്ഥാപനം ഈ പേയ്മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യും.

41. വാഹനം വാങ്ങല്‍

വാങ്ങുന്ന സമയത്ത് വാങ്ങുന്നയാളില്‍ നിന്ന് നികുതി ഈടാക്കുന്നതിലൂടെ വാഹനത്തിന്റെ വാങ്ങല്‍ എഐഎസില്‍ പ്രതിഫലിക്കും.

42. ബിസിനസ് ട്രസ്റ്റ് വിതരണം ചെയ്യുന്ന വരുമാനം

ബിസിനസ് ട്രസ്റ്റിന്റെ യൂണിറ്റുകളില്‍നിന്നുള്ള വരുമാനം സ്വീകര്‍ത്താവിന്റെ എഐഎസില്‍ പ്രതിഫലിക്കും. ഫോം 27Q ല്‍ വരുമാനം നല്‍കുന്നവര്‍ ഇത് റിപ്പോര്‍ട്ട് ചെയ്യും.

43. നിക്ഷേപഫണ്ട് വിതരണം ചെയ്യുന്ന വരുമാനം

നിക്ഷേപഫണ്ടിന്റെ യൂണിറ്റുകളില്‍നിന്നുള്ള വരുമാനം സ്വീകര്‍ത്താവിന്റെ എഐഎസില്‍ കാണിക്കും. വരുമാനം നല്‍കുന്നവര്‍ ഫോം 26Q വില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യും.

44. സെക്യൂരിറ്റൈസേഷന്‍ ട്രസ്റ്റിലെ നിക്ഷേപത്തില്‍നിന്നുള്ള വരുമാനം

സെക്യൂരിറ്റൈസേഷന്‍ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍നിന്നുള്ള വരുമാനത്തിന് ടിഡിഎസ് ബാധകമാണ്. വരുമാനം നല്‍കുന്നവര്‍ അത്തരം വിവരങ്ങള്‍ ഫോം 27Q ല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. അതിനാല്‍, അത് സ്വീകര്‍ത്താവിന്റെ എഐഎസില്‍ പ്രതിഫലിക്കും.

45. വാഹന വിൽപന

വാഹനം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക വില്‍പ്പനക്കാരന്റെ എഐഎസില്‍ കാണിക്കും.

46. കായികതാരങ്ങൾക്കുള്ള പേയ്മെന്റ്

ഇന്ത്യയിലെ ഏതെങ്കിലും ഗെയിമില്‍ പങ്കെടുക്കുന്നതില്‍നിന്നു പ്രവാസി കായികതാരങ്ങൾക്കോ സ്പോര്‍ട്സ് അസോസിയേഷനോ ലഭിക്കുന്ന വരുമാനം (ഗെയിമില്‍നിന്നുള്ള വിജയങ്ങള്‍, പരസ്യം, ഇന്ത്യയിലെ ഗെയിമുമായോ കായികയിനങ്ങളുമായോ ബന്ധപ്പെട്ട് പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയിലേക്കുള്ള ലേഖനങ്ങള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ എന്നിവ ഒഴികെ) സ്വീകര്‍ത്താവിന്റെ എഐഎസില്‍ കാണിക്കും.

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!