മകൻ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തോടൊപ്പം ഒരു കുടുംബം മുഴുവൻ കഴിഞ്ഞ് കൂടിയത് മൂന്ന് ദിവസം
സുഹൈല അജ്മൽ
കുറുപ്പന്തറ: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും മറ്റു രണ്ടു സഹോദരങ്ങളും മൂന്നുദിവസം കഴിച്ചുക്കൂട്ടി. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജി (50)യുടെ മൃതദേഹമാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ പഞ്ചായത്തംഗമാണ് മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
മരിച്ച അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും അജി മൂന്ന് ദിവസം മുമ്പ് മരിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല. മാനസികാസ്വാസ്ഥ്യമുള്ളവരാണ് ചെല്ലമ്മയും മക്കളുമെന്നു മാഞ്ഞൂർ പഞ്ചായത്തംഗം സാലിമോൾ ജോസഫ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സാലിമോൾ ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് അജി മരിച്ചതായി അറിഞ്ഞത്. ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫിസിൽ നിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു സാലിമോൾ.
മുറിക്കുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സാലിമോൾ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ അജിയെ കണ്ടെത്തിയത്. ഈ സമയം അജിയുടെ കട്ടിലിന് താഴെയായി കിടക്കുകയായിരുന്നു ചെല്ലമ്മയും ഇളയമകൻ രാജുവും. അജിക്ക് സുഖമില്ലെന്നും ഇപ്പോൾ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി സാലിമോൾ പറഞ്ഞു.
തുടർന്ന് പഞ്ചായത്തംഗം അറിയിച്ചതിനെ തുടർന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു മരിച്ച അജി. അതിനാൽ വീട്ടിലേക്ക് ആരും പോകാൻ കൂട്ടാക്കാറില്ലെന്ന് പരിസരവാസികൾ പറയുന്നു. നാലു പേർക്കും ലഭിക്കുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്.
അജിക്ക് തനിച്ച് കിടക്കാൻ പേടിയുള്ളതിനാൽ ചെല്ലമ്മ രാത്രി കിടന്നിരുന്നത് അജിയോടൊപ്പമായിരുന്നു. അജി മരിച്ചതറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്. വൈക്കം ഗവ. ആശുപത്രിയിൽ മൃതദേഹം പരിശോധന നടത്തിയതിലൂടെ അജിക്ക് കോവിഡുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചു.