യുക്രൈനില്‍ യുദ്ധം തുടങ്ങി; നിരവധി മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു
ഹുദ ഹബീബ്
റഷ്യ യുക്രൈനില്‍ യുദ്ധം തുടങ്ങിയാതായി ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ടുണ്ട്. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി അവിടെയുള്ള പല വിദ്യാർത്ഥികളും സോഷ്യൽ മീഡിയയില്‍ ഷെയർ ചെയ്യുന്നുണ്ട്.
യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ഡോണ്‍ബാസ് മേഖലയിൽ റഷ്യയുടെ ആക്രമണമുണ്ടാകുന്നുവെന്ന് ആരോപിച്ചാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടത്. ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് റഷ്യൻ സൈന്യത്തിന് ലഭിച്ച നിർദേശം. കിഴക്കന്‍ യുക്രൈനിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. കീവിനും ഖാര്‍കീവിനും പുറമെ, യുക്രൈനിലെ നഗരങ്ങളായ മരിയുപോളിലും ബെല്‍ഗോറോഡിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുദ്ധം ആരംഭിച്ച മേഖലയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ കിഴക്കന്‍ പ്രദേശങ്ങളിലെ വ്യോമാതിർത്തി അടക്കുന്നതായി യുക്രെയ്ന്‍ അറിയിച്ചു. ഇതിനെ തുടർന്ന് രക്ഷാദൗത്യം പൂർത്തിയാക്കാനാവാതെ എയർ ഇന്ത്യ വിമാനം മടങ്ങി. യുക്രെയ്നിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ വഹിച്ചുള്ള ഒരു ബാച്ച് ഇന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയിരുന്നു.
വ്യോമാതിർത്തി അടച്ചതോടെ കുടുങ്ങി കിടക്കുന്നവരെ എങ്ങിനെ രക്ഷപ്പെടുത്തുമെന്ന ആശങ്കയിലാണ് അധികൃതർ. മലയാളി വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കുന്നുണ്ടെന്ന് നോർക്കയും വ്യക്തമാക്കി. ഇന്ന് യുഎഇ വഴിയും മറ്റും പുറപ്പെടാനിരുന്ന പല മലയാളി വിദ്യാർത്ഥികളും മറ്റു ഇന്ത്യക്കാരും യുദ്ധ മേഖലകളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
അതേ സമയം യുക്രൈനുമായുള്ള സൈനിക നടപടിയിൽ ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും, ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് റഷ്യയോടാവശ്യപ്പെട്ടു.സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്.
കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു. യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും ചര്‍ച്ചയ്ക്കുളള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ യുക്രൈനെ സൈനികരഹിതവും നാസിമുക്തവുമാക്കുകയാണ് റഷ്യന്‍ സൈനിക നടപടിയുടെ ലക്ഷ്യമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.