ഒടുവിൽ മൂക്കിൽ പല്ല് മുളച്ചു; ഇനി ആ തമാശ അവസാനിപ്പിക്കാം

ഹുദ ഹബീബ്

ന്യൂയോര്‍ക്ക്: ഒരു കാര്യം ചെയ്യുന്നത് വൈകിപ്പിച്ചാൽ ഉടനെ മലയാളികൾ പറയുന്ന തമാശയാണ് “ഇനി എപ്പോഴാ മൂക്കിൽ പല്ല് മുളച്ചിട്ടോ “എന്ന്. വിവാഹം കഴിക്കാൻ വൈകിപ്പിക്കുന്നവരോടാണ് പ്രധാനമായും ഈ ചോദ്യം ചോദിക്കാറ്. എന്നാൽ ഇനി ഇത് വെറും തമാശയല്ല. അമേരിക്കക്കാരൻ്റെ മൂക്കിൽ പല്ല് മുളച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ വഴി തെറ്റി വളർന്ന ഈ പല്ല് നീക്കം ചെയ്യുകയും ചെയ്തു.

വര്‍ഷങ്ങളായി വലതു മൂക്കിലൂടെ ശ്വാസ തടസ്സം നേരിട്ടത്തിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ മുപ്പത്തെട്ടുകാരന് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് തന്റെ വലത്തേ മൂക്കില്‍ 11 മില്ലിമീറ്റര്‍ നീളമുള്ള പല്ല് വളര്‍ന്നിട്ടുണ്ടെന്ന കാര്യം അറിയുന്നത്. അദ്ദേഹത്തിന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാരായ സാഗര്‍ ഖന്ന, മൈക്കല്‍ ടേണര്‍ എന്നിവര്‍ ശസ്ത്രക്രിയ നടത്തിയത്.എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി.

2019 ൽ ഡെൻമാർക്കിലും ഒരു അമ്പത്തൊമ്പത് കാരന് മൂക്കിൽ പല്ല് മുളച്ചിരുന്നു. 0.1 മുതൽ ഒരു ശതമാനം വരെ പേരിൽ മാത്രമാണ് ഇങ്ങനെ വഴിതെറ്റി പല്ലുകൾ വളരുന്നതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡെൻമാർക്ക് ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇഎൻടി ഡോക്ടർമാർ പറയുന്നു. 1959 മുതൽ 2008 വരെ 23 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share
error: Content is protected !!