യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം: ആശങ്കയിൽ പ്രവാസലോകവും

സുഹൈല അജ്മൽ

യുക്രൈൻ അതിർത്തി കടന്ന് റഷ്യൻ സൈന്യം യുക്രൈനിലെ വ്യോമ താവളങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ട്. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങളിലുൾപ്പെടെ ഇന്ന് പുലർച്ചെമുതൽ റഷ്യൻ സേന സംഹാര താണ്ഡവമാടുകയാണ്. യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമാക്കി വ്യാപക വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ പ്ര​സി​ഡ​ന്‍റ് വൊളോദിമിർ സെ​ല​ൻ​സ്കി പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും സെ​ല​ൻ​സ്കി അറിയിച്ചു. രാജ്യാന്തര സഹായം തേടിയിരിക്കുയാണ് യുക്രൈൻ. എന്നാൽ സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു.

യുക്രെയ്നിൽ ഏകദേശം 18,000 വിദ്യാർഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. അവർക്കു തിരിച്ചു വരാൻ സൗകര്യങ്ങൾ വേണ്ടത്ര ഇല്ല എന്ന സ്ഥിതി വന്നപ്പോൾ വ്യോമയാനമന്ത്രാലയവുമായി ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിദേശകാര്യ വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കവേയാണ് പുതിയ പ്രതിസന്ധി. റഷ്യ യുക്രെയ്നിൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് കിഴക്കൻ യുക്രെയ്ൻ മേഖലയിലെ വ്യോമാതിർത്തി റഷ്യ അടച്ചിരുന്നു. മേഖലയിൽ സിവിലിയൻ വിമാനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതോടെ മലയാളി വിദ്യാർത്ഥികളും യുക്രൈനിൽ കുടുങ്ങി. മലയാളികളായ നിരവധി ഗൾഫ് പ്രവാസികളുടെ മക്കളും കുടുങ്ങി കിടക്കുന്നവരിലുണ്ട്. യുക്രൈനിലുള്ള മക്കളുമായി നിരന്തരം ബന്ധപ്പെടാൻ രക്ഷിതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും പല സമയങ്ങളിലും ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളതെന്ന് കോട്ടയം സ്വദേശിയായ സൈമണ് എന്ന പ്രവാസി ന്യൂസ് ഡെസ്കിനോട് പങ്കുവെച്ചു. പ്രാർത്ഥനകളോടെ കഴിഞ്ഞ് കൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ ഫ്ലൈ ദുബൈ വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്നവരാണ് പല വിദ്യാർത്ഥികളും. അതിനിടയിലാണ് വ്യോമാതിർത്തി അടക്കുന്നതും വിമാനം ക്യാൻസൽ ചെയ്യുന്നതും. ഇതോടെ വിമാന താവളത്തിലെത്തിയ നിരവധി വിദ്യാർത്ഥികൾ എയർപോർട്ടിലും കുടുങ്ങി. താമസ സ്ഥലത്തേക്ക് തിരിച്ച് പോകാനും കഴിയാത്ത സാഹചര്യമാണുള്ളത്. ആക്രമണ സാധ്യതയുള്ള പല സ്ഥലങ്ങളിലും കഴിയുന്ന വിദ്യാർത്ഥികളോട് താമസ സ്ഥലത്ത് നിന്ന് രേഖകളും കുടിവെള്ളവുമായി പുറത്തിറങ്ങി രക്ഷപെടാനാണ് അധികൃതൃർ ആവശ്യപ്പെടുന്നതെന്നും മലയാളി വിദ്യാർത്ഥികൾ പങ്കുവെക്കുന്നു. ഇതിൽ പല വിദ്യാർത്ഥികളുടേയും രക്ഷിതാക്കൾ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. ഇന്ന് പുലർച്ചെ മുതലുള്ള ആക്രമണ വാർത്തകൾ പുറത്ത് വന്നത് മുതൽ ആശങ്കയുടെ മുൾമുനയിലാണ് പ്രവാസികളും.

റഷ്യ-യുക്രൈൻ യുദ്ധത്തെ ആശങ്കയോടെയാണ് അറബ് ലോകവും പ്രവാസി സമൂഹവും ഉറ്റ് നോക്കുന്നത്. സൈനിക നടപടി ആരംഭിച്ചതോടെ ഗൾഫ് വിപണികളിൽ ഇടിവ് രേഖപ്പെടുത്തികൊണ്ടാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ദുബായ് വിപണിയിൽ 2.4% ഇടിവ് രേഖപ്പെടുത്തി, സൗദി വിപണിയിൽ 1.8%, ഖത്തർ 1.5%, അബുദാബി 1.2%, കുവൈത്ത് വിപണിയിൽ 1.0%, ബഹ്‌റൈൻ 1.0% ഇടിവ്. മസ്‌കറ്റ് 0.1%.

സൈനിക ആക്രമണത്തോടെ എണ്ണവില ബാരലിന് 102 ഡോളറിലെത്തി. ഏഴ് വർഷത്തിനിടയിൽ ആദ്യമായാണ് എണ്ണവില ബാരലിന് 00 ഡോളർ കടക്കുന്നത്.

റഷ്യൻ ബോംബാക്രമണത്തെത്തുടർന്ന് യുക്രൈൻ തലസ്ഥാനമായ കിയെവിൽ സൈറണുകൾ മുഴങ്ങുകയും നിരവധി യുക്രേനിയൻ പ്രദേശങ്ങളിൽ തീജ്വാലകൾ ഉയരുകയും ചെയ്തു. മലയാളികളുൾപ്പെടെ നിരവധി പേർ വിമാനതാവളങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. വ്യോമാതിർത്തി അടച്ചതോടെ രക്ഷാ ദൌത്യത്തിനെത്തിയ എയർ ഇന്ത്യ വിമാനത്തിന് മടങ്ങേണ്ടതായി വന്നു. അതിനിടെ നേരത്തെ പുറപ്പെട്ട ഒരു വിമാനത്തിൽ വിദ്യാർത്ഥികളുൾപ്പെടെ നിരവധി ഇന്ത്യൻ പൌരന്മാർ ഇന്ന് രാവിലെ ഡെൽഹിയിലെത്തി. കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസി ഇടപെടലുകൾ നടത്തിവരികയാണ്.

Share
error: Content is protected !!