സൌദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച അവസരങ്ങള്‍ വരുന്നു
റിയാദ്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച അവസരമാണ് സൌദിയില്‍ വരാനിരിക്കുന്നത്. ബില്‍ഡിങ് മറ്റീരിയല്‍സ് വില്പന, സപ്പ്ളൈ ചെയിന്‍, കോണ്‍ട്രാക്ടിങ് മേഖലകളിലാണ് കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നത്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തു പുരോഗമിച്ച് കൊണ്ടിരിക്കുന്ന നഗര വികസന പദ്ധതികളാണ് അവസരങ്ങള്‍ കൂടാനുള്ള പ്രധാന കാരണം.
കഴിഞ്ഞ വര്‍ഷം സൌദിയില്‍ 4 ലക്ഷം സ്വദേശികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായി മന്ത്രി അറിയിച്ചു. ആദ്യമായാണ് സൌദിയില്‍ ഒരു വര്‍ഷത്തിനിടെ ഇത്രയും സൌദികള്‍ക്ക് ജോലി ലഭിക്കുന്നത്. 32 സ്വദേശീവല്‍ക്കരണ പദ്ധതികള്‍ വഴി 2021-ല്‍ സ്വകാര്യ മേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 2022-ല്‍ 30 സ്വദേശീവല്‍ക്കരണ പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്.
1.95 മില്യണ്‍ സ്വദേശികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യമായാണ് ഇത്രയധികം സൌദികള്‍ ഒരേസമയം ജോലി ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.