ലോഡ്ജുകളിൽ വ്യാപക റെയ്ഡ്, നിരവധി യുവതികളെ കണ്ടെത്തി
എറണാംകുളം:∙ആലുവയിലെ ഇരുപതോളം ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ നിരവധി യുവതികളെ കണ്ടെത്തി. ഉത്തരേന്ത്യയിൽ നിന്നെത്തിയവരാണ് എല്ലാവരും. വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുകയായിരുന്നു ഇവർ. മനുഷ്യക്കടത്താണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ‘ബഡാ സാബ്’ ആണു തങ്ങളെ കൊണ്ടുപോകുന്നതെന്നാണു യുവതികൾ പൊലീസിനോടു പറഞ്ഞത്. മറ്റൊന്നും അവർക്ക് അറിയില്ല. പാസ്പോർട്ടും പണവും ഇവർ മനുഷ്യക്കടത്തു സംഘത്തിനു നേരത്തേ കൈമാറിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
30നും 40നും ഇടയ്ക്കു പ്രായമുള്ളവരാണ് യുവതികൾ. ലോഡ്ജുകളിൽ താമസിക്കുന്ന ഇവർ പകൽ സമയങ്ങളിൽ പുറത്തിറങ്ങാറില്ല. ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിലാണു യുവതികൾ ആലുവയിലെത്തിയത്. പിന്നീട് ഇടനിലക്കാർ ഇവരെ ആലുവ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. ബഡാ സാബ് എന്നു പറയുന്നയാൾ അവിടെ നേരിട്ടെത്തിയാണു പാസ്പോർട്ടും പണവും കൈപ്പറ്റിയതെന്ന് ഇവർ പറയുന്നു. എന്തു ജോലിക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നോ, എങ്ങിനെയാണ് പോകുന്നതെന്നോ ഇവർക്ക് അറിവില്ല.
വിമാനത്തിലാണോ ബോട്ടിലാണോ ഇവരെ വിദേശത്തേക്കു കടത്തുന്നതെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആലുവ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് തുടങ്ങിയിട്ടു മാസങ്ങളായി എന്നാണു സൂചന. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിഞ്ഞിട്ടു 2 ദിവസമേ ആയുള്ളൂ. തുടർന്നാണു റൂറൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്. ലോഡ്ജുകളും അവിടെ വന്നുപോകുന്നവരും നിരീക്ഷണത്തിലാണ്. 4 വർഷം മുൻപു മനുഷ്യക്കടത്തിനായി തമ്പടിച്ച ശ്രീലങ്കക്കാരെ ആലുവയിലെ ലോഡ്ജിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.