സ്വാമിയുടെ ലിംഗം മുറിച്ച കേസ്; പരാതിക്കാരിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി കണ്ടെത്തല്‍

തിരുവനന്തപുരം ജില്ലയിലെ പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അയപ്പദാസും ഗൂഢാലോചന നടത്തിയാണ് ലിംഗം മുറിച്ച് മാറ്റിയത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ട്. കേസില്‍ പരാതിക്കാരിയെയും സുഹൃത്തിനെയും പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

2017 മെയ് 20നാണ് കേസിനാസ്പദമായ സംഭവം. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറഞ്ഞു. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ വിശദ അന്വേഷണത്തിലാണ് പുതിയ കണ്ടെലുകള്‍. ആക്രമിച്ചത് പെണ്‍കുട്ടിയാണ് എന്നു തന്നെയാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധത്തിന് തടസ്സം നിന്ന സ്വാമിയെ കേസില്‍ കുടുക്കി ഒഴിവാക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അയ്യപ്പദാസാണ് കത്തി വാങ്ങിയത്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളില്‍ പരിശോധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വാമിക്ക എതിരെ ആദ്യം എടുത്ത കേസില്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കാമോ എന്നും ക്രൈബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

Share
error: Content is protected !!