അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന ഫലം നിർബന്ധമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ് പ്രസ് അറിയിച്ചു. യാത്ര പുറപ്പെടുന്നതിൻ്റെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് റിസൾട്ടാണ് യാത്രക്കാർ കൈവശം കരുതേണ്ടത്.
ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്സിനേഷൻ്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായി ശനിയാഴ്ച എയർ ഇന്ത്യ എക്സ് പ്രസ് അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയതായും, പിസിആർ പരിശോധന നിർബന്ധമാണെന്നും അറിയിച്ചിരിക്കുന്നത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ പിസിആർ പരിശോധനയിലെ ഇളവ് ബാധകമല്ലാത്തതിനാലാണ് എയർ ഇന്ത്യ എക്സ് പ്രസും പിസിആർ നിർബന്ധമാക്കിയതെന്നാണ് വിശദീകരണം.
അബുദാബി എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത RT-PCR റിപ്പോർട്ട് ഉണ്ടായിരിക്കണമെന്നാണ് ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് അബുദാബിയിൽ പിന്തുടരുന്ന പ്രോട്ടോക്കോൾ. ഇതിൻ്റെ ചുവട് പിടിച്ചാണ് എയർ ഇന്ത്യ എക്സ് പ്രസും നിലപാട് മാറ്റിയതും, പിസിആർ നിർബന്ധമാക്കിയതും.